നഗരനിരത്തുകളില്‍ കന്നുകാലി ഭരണം; നടപടിയെടുക്കാനാവാതെ ഭരണകൂടം
ഒലവക്കോട്: നഗരനിരത്തുകളില്‍ കാലങ്ങളായി നാല്‍ക്കാലികള്‍ കയ്യടക്കുമ്പോഴും നടപടിയെടുക്കാനാവാതെ ഭരണകൂടം. നഗര റോഡുകള്‍ക്കു പുറമെ ദേശീയ - സംസ്ഥാന പാതകളിലും രാപകലേന്യ കന്നുകാലികള്‍ സൈ്വരവിഹാരം നടത്തുന്നത് വാഹന തടസ്സത്തിനു പുറമെ അപകടമരണങ്ങള്‍ക്കുവരെ കാരണമായിത്തീര്‍ന്നിരിക്കുകയാണ്. ഒറ്റയ്ക്കും കൂട്ടത്തോടെയും വരുന്ന കന്നുകാലികള്‍ ഒരുവശത്ത് നഗരം വാഴുമ്പോള്‍ മറുവശത്ത് തെരുവു നായ്ക്കളുടെയും വിഹാരകേന്ദ്രങ്ങളാകുന്നു.
നഗരത്തിലും മറ്റും അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനായി കൊപ്പത്ത് ആലയൊരുക്കിയിരുന്നെങ്കിലും നാളിതുവരെ ഈ ആലയില്‍ നാല്‍ക്കാലി പോയിട്ട് ഒരു എട്ടുകാലിയെപ്പോലും കെട്ടാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ അധികാരമേറ്റ ഭരണസമിതി ഭരണത്തിന്റെ തുടക്കത്തില്‍ കന്നുകാലി ശല്യത്തിനെതിരെ പരിഹാരമാര്‍ഗ്ഗങ്ങളും തന്ത്രങ്ങളുമൊക്കെ മെനഞ്ഞെങ്കിലും ഒന്നും ഫലവത്തായില്ല. ഫലമോ നഗരനിരത്തുകളില്‍ നിരപരാധികളായ യാത്രാക്കാരുടെ അന്തകരായി നാല്‍ക്കാലികളും നായക്കളും മാറിയിരിക്കുകയാണ്.
ഉടമസ്ഥനില്ലാതെയും അലക്ഷ്യമായും അലയുന്ന കന്നുകാലികളെ നഗരസഭ ഇടക്കാലത്ത് പിടിച്ചുകെട്ടി പിഴ ഈടാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി. ചില കന്നുകാലികള്‍ക്ക് ഉടമസ്ഥര്‍ വന്നെങ്കിലും പലതിനും ഉടമസ്ഥര്‍ വരാത്തതിനാല്‍ ഇവയെ സംരക്ഷിക്കേണ്ട ബാധ്യതതയും ഭരണകുടം ഏറ്റെടുക്കേണ്ടിവന്നതാണ് വിനയായത്. കഴിഞ്ഞവര്‍ഷം കോട്ടമൈതാനത്തിനു സമീപം വാഹനഗതാഗത തടസ്സം സൃഷ്ടിച്ച കന്നുകാലികളെ ട്രാഫിക് പൊലിസ് പിടിച്ചുകെട്ടിയിരുന്നു.
സൗത്ത് പൊലിസ് സ്‌റ്റേഷനില്‍ കെട്ടിയ കന്നുകാലികളെ ഉടമസ്ഥര്‍ വരാത്തതിനാല്‍ ഇവരുടെ സംരക്ഷണവും പൊലിസിനെ കുഴപ്പിത്തിലാക്കിയിരുന്നു. പലപ്പോഴും തിരക്കേറിയ റോഡുകളില്‍ കൂട്ടത്തോടെ നില്‍ക്കുന്ന കന്നുകാലിക്കൂട്ടം വണ്ടികളുടെ ഹോണടി കേട്ടാലും റോഡില്‍ നി ന്ന് മാറാത്തത് ട്രാഫിക് പൊലിസിന് ഏറെ തലവേദന സൃഷ്ടിക്കുകയാണ് പതിവ്. ആറ് മാസം മുമ്പ് നഗരസഭയുടെ കന്നുകാലിപിടിച്ചുകെട്ടല്‍ തുടക്കം കുറിച്ചപ്പോള്‍ വടക്കന്തറയിലെ ചിലര്‍ ഇതിനുപിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് എല്ലാം കാലഹരണപ്പെട്ടു. കന്നുകലിപിടിത്തത്തിനു ഒടുക്കം വാട്ട്‌സ് അപ്പ് ഗ്രൂപ്പുവരെ എത്തിയെല്ലാം.
എല്ലാം പഴങ്കഥകളായി. നഗരപരിധിയില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചുകെട്ടാനുള്ള നിയമഭേദഗതിക്ക് ജനുവരി 18ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു.
കന്നുകാലികളെ പിടിച്ചുകെട്ടാന്‍ കൊപ്പത്ത് നഗരസഭ ആല പണിതെങ്കിലും ഇത്തരത്തില്‍ ഇവിടെ പിടിച്ചുകെട്ടുന്ന കന്നുകാലികളെ പരിപാലിക്കാന്‍ പൗണ്ട്കീപ്പറില്ലാത്തതാണ് കാലിപിടിത്തത്തിനു വിനയായി തീര്‍ന്നത്. നഗരത്തിലും മറ്റും ഉടമസ്ഥരില്ലാതെ അലഞ്ഞുതിരിയുന്ന നാല്‍ക്കാലികളെ പിടിച്ചുകെട്ടിയാല്‍ ഇവയ്ക്ക് പ്രത്യേകം നിരക്കും നഗരസഭ തയ്യാറാക്കിയിരുന്നു.
പശു, എരുമ, പോത്ത് എന്നിവയ്ക്ക് 5000രൂപയും കാളകള്‍ക്ക് 2000രൂപയും ആന, ഒട്ടകം, കുതിര എന്നിവയ്ക്ക് 10000രൂപയും പെണ്‍കുതിരയ്ക്ക് 5000, മുട്ടനാട്, പെണ്ണാട്, ചെമ്മരിയാട് എന്നിവയ്ക്ക് 2000 രൂപയും ആട്ടിന്‍കുട്ടിക്ക് 1000രൂപയുമെന്നായിരുന്നു നഗരസഭ തയ്യാറാക്കിയ പട്ടിക. എന്നാല്‍ ഭരണകുടം ഇത്തരത്തില്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കലും നഗരനിരത്തുകളില്‍ കൂടുതലായും മാര്‍ഗ്ഗതടസ്സമുണ്ടാക്കുന്നത് പശു, കാള എന്നിവകളാണ്.
മേലാമുറി, മാര്‍ക്കറ്റ് റോഡ്, മേഴ്‌സി ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, കോര്‍ട്ട് റോഡ്, സ്‌റ്റേഡിയം സ്റ്റാന്റ് എന്നീ നഗരറോഡുകള്‍ക്കുപുറമെ പാലക്കാട്, കുളപ്പുള്ളി സംസ്ഥാനപാതയിലും കോഴിക്കോട് ദേശീയപാതയിലും ഒലവക്കോട് - കല്‍മണ്ഡപം ബൈപാസ് റോഡിലും രാപകലന്യേ നാല്‍ക്കാലികളുടെ സൈ്വരവിഹാരമാണ്. എന്നാല്‍ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ നടപടികളുയരുമ്പോഴും നായ്ക്കളുടെ കാര്യത്തില്‍ ഇനിയും ഭരണതലത്തില്‍ നടപടിയില്ല. കഴിഞ്ഞ ദിവസം അകത്തേത്തറയില്‍ നായ കുറുകെ ചാടിയതുമൂലം ഓട്ടോ ഡ്രൈവറുടെ ജീവന്‍ പൊലിഞ്ഞത് ഒടുവിലെത്തെ സംഭവമാണ്.
നഗരനിരത്തുകളില്‍ കാലങ്ങളായി വാഹനഗതാഗതത്തിനു പുറമെ നിരപരാധികളായ യാത്രക്കാരുടെ ജീവനുപോലും ഭീഷണിയായിത്തീര്‍ന്നിരിക്കുന്ന നാല്‍ക്കാലികളുടെ സൈ്വരവിഹാരത്തിന്റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കുമുന്നില്‍ ഭരണകുടം നിസ്സംഗത പാലിക്കുകയാണ്.
നഗരവികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുമ്പോഴും കാലിപിടുത്തത്തിന്റെ പേരില്‍ കൊപ്പത്ത് ആല കെട്ടി നഗരവാസികളുടെ വായകെട്ടിയതുമല്ലാതെ നഗരനിരത്തുകളിലെ കാലിശല്യത്തിന് നടപടിയെടുക്കേണ്ട സമയം അതിക്രമിക്കുമ്പോള്‍ ഇനിയും നിരവധി ജീവനുകള്‍ നഗരത്തില്‍ പൊലിഞ്ഞുകൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."