കേരള സാഹിത്യ അക്കാദമി; സാറാ ജോസഫിനും യു.എ ഖാദറിനും വിശിഷ്ടാംഗത്വം
തൃശൂര്‍: 2015ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരവും അവാര്‍ഡുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നല്‍കാന്‍ കഴിയാതിരുന്ന 2012, 13, 14 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ക്കും മറ്റുമുള്ള 2015ലെ പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമിയുടെ ഏറ്റവും ഉന്നത പുരസ്‌കാരമായ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) സാറാ ജോസഫിനും യു. എ ഖാദറിനുമാണ് നല്‍കുന്നത്. അന്‍പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
ഒ.വി. ഉഷ, മുണ്ടൂര്‍ സേതുമാധവന്‍, വി. സുകുമാരന്‍, ടി.ബി വേണുഗോപാലപ്പണിക്കര്‍, പ്രയാര്‍ പ്രഭാകരന്‍, ഡോ. കെ. സുഗതന്‍ എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
സാഹിത്യകൃതികള്‍ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ 11 പേര്‍ക്ക് നല്‍കും.
എസ്. രമേശന്‍ (കവിത, ഹേമന്തത്തിലെ പക്ഷി), യു.കെ കുമാരന്‍ (നോവല്‍, തക്ഷന്‍കുന്ന് സ്വരൂപം), ജിനോ ജോസഫ് (നാടകം, മത്തി), അഷിത (ചെറുകഥ, അഷിതയുടെ കഥകള്‍), സി.ആര്‍ പരമേശ്വരന്‍ (സാഹിത്യവിമര്‍ശനം, വംശചിഹ്‌നങ്ങള്‍), കെ.എന്‍ ഗണേശ് (വൈജ്ഞാനിക സാഹിത്യം, പ്രകൃതിയും മനുഷ്യനും), ഇബ്രാഹിം വെങ്ങര (ജീവചരിത്രം, ഗ്രീന്‍ റൂം), വി.ജി തമ്പി (യൂറോപ്പ്: ആത്മചിഹ്നങ്ങള്‍, യാത്രാവിവരണം), ഒ.കെ ജോണി (ഭൂട്ടാന്‍ ദിനങ്ങള്‍, യാത്രാവിവരണം), ഗുരു മുനി നാരായണ പ്രസാദ് (വിവര്‍ത്തനം, സൗന്ദര്യലഹരി), ഏഴാച്ചേരി രാമചന്ദ്രന്‍ (ബാലസാഹിത്യം, സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും), ഡോ. എസ്.ഡി.പി നമ്പൂതിരി (ഹാസ്യ സാഹിത്യം, വെടിവട്ടം) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. വിവിധ എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."