സംഗീത ചിത്രകലാ ഉദ്യോഗാര്‍ഥികളുടെ നിരാഹാര സമരം ആറാം ദിനത്തില്‍
കല്‍പ്പറ്റ: സംഗീത ചിത്രകലാ അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ആറാം ദിനത്തില്‍.
കലക്ടറേറ്റ് പടിക്കല്‍ സജ്ജീകരിച്ച സമര പന്തലില്‍ ഇവര്‍ അഞ്ച് ദിവസം പട്ടിണി കിടന്നിട്ടും കലക്ടര്‍ സമരപന്തലിലെത്തിയില്ലെന്ന പരിഭവത്തില്‍ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഈമാസം 25ന് ആരംഭിച്ച സമരത്തില്‍ ദേവസ്യയും സജീഷുമാണ് ആദ്യം നിരാഹാരം അനുഷ്ടിച്ചത്. 28ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സജീഷിനെ പൊലിസെത്തി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ എം.ടി വിനോദ് സമരമാരംഭിച്ചു. മുദ്രാവാക്യങ്ങള്‍ മുഴക്കാതെ സമരപന്തലിലെ ക്യാന്‍വാസുകളില്‍ ചിത്രങ്ങള്‍ വരച്ചാണ് ഇവരുടെ സമരം മുന്നോട്ടുപോകുന്നത്.
സംഗീത ചിത്രകലാ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ സംഗീത ചിത്രകലാ അധ്യാപകര്‍ സമരം നടത്തുന്നത്. സംസ്ഥാനത്തെ 527 സംഗീത ചിത്രകലാ അധ്യാപകരാണ് നിയമനം കാത്ത് കഴിയുന്നത്. നിയമന നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഡാന്‍സ്, നാടക മേഖലകളിലെ ഉദ്യോഗാര്‍ഥികളെ കൂടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കോടതിയില്‍ നിന്നും സ്റ്റേ നേടിയതിനാലാണ് നിയമനം പ്രതിസന്ധിയിലായത്.
ജില്ലയില്‍ മാത്രം 53 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരന്തരം സമരങ്ങള്‍ നടത്തി നിയമനത്തോടടുക്കുന്ന ഘട്ടത്തിലാണ് നൃത്ത-നാടക ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ടില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് ഇവര്‍. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."