കണ്ടുപഠിക്കണം മണിയന്‍പിള്ളയുടെ കൃത്യനിര്‍വഹണം
കൊല്ലം: ദുരഭിമാനക്കൊലയില്‍ കോട്ടയം ഗാന്ധിനഗര്‍ പൊലിസ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍, സത്യസന്ധമായി കൃത്യനിര്‍വഹണം നടത്തിയ പൊലിസിന്റെ അടയാളമാണ് പാരിപ്പള്ളി സ്‌റ്റേഷനിലെ പൊലിസുകാരന്‍ മണിയന്‍പിള്ളയുടേത്.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പൊലിസ് എസ്.ഐ ഷിബു, എ.എസ്.ഐ ബിജു, പൊലിസ് ഡ്രൈവര്‍ എന്നിവരടക്കമുള്ളവര്‍ കാണേണ്ടതാണ് ഈ പൊലിസ് ഉദ്യോഗസ്ഥന്റെ ജീവത്യാഗം.
വാഹന പരിശോധനയ്ക്കിടെ ആട് ആന്റണിയുടെ കുത്തേറ്റാണ് പാരിപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള(47)മരിച്ചത്. എ.എസ്.ഐ ജോയിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2012 ജൂണ്‍ 26ന് അര്‍ധരാത്രിയില്‍ ആയിരുന്നു മണിയന്‍ പിള്ളയെ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. പാരിപ്പള്ളിക്ക് സമീപം കുളനട ജംഗ്ഷനില്‍ സംശയകരമായ രീതിയില്‍ കണ്ട മാരുതി ഒമ്‌നി വാന്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. രക്ഷപ്പെടാന്‍ ശ്രമിച്ച ആട് ആന്റണിയെ മണിയന്‍ പിള്ള തടയാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന് കുത്തേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിയന്‍പിള്ളയുടെ ജീവന്‍ രക്ഷിക്കാനായില്ല.
പാരിപ്പള്ളി-നിലമേല്‍ റോഡില്‍ കുളനട ജവഹര്‍ ജംഗ്ഷനു സമീപം ഒമ്‌നി വാനില്‍ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ലൈറ്റിടാനും പുറത്ത് ഇറങ്ങാനും ആവശ്യപ്പെട്ടപ്പോള്‍ കാറ്ററിംഗ് സര്‍വിസാണെന്നായിരുന്നു മറുപടി. വാന്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ ബിഗ്‌ഷോപ്പറിനുള്ളില്‍ കമ്പിപ്പാരയും സ്‌ക്രൂ ഡ്രൈവറും മറ്റും ഉണ്ടായിരുന്നു.
ഇതോടെ വാനിലുണ്ടായിരുന്നയാള്‍ പറഞ്ഞത് കളവാണെന്ന് പൊലിസിന് ബോധ്യമായി. ഇയാളെ പുറത്തിറക്കി വാന്‍ പൂട്ടി താക്കോല്‍ പൊലിസ് ജീപ്പിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചു. മണിയന്‍പിള്ള ഡ്രൈവറുടെ സീറ്റില്‍ കയറുകയും ആന്റണിയെ എ.എസ്.ഐ ജോയി ജീപ്പിന് പിന്നിലേക്ക് കയറ്റുകയും ചെയ്തു.
ബിഗ്‌ഷോപ്പര്‍ എടുത്തുവയ്ക്കാന്‍ തിരിഞ്ഞപ്പോഴാണ് ആട് ആന്റണി മണിയന്‍പിള്ളയുടെ കഴുത്തില്‍ പിടിച്ചിരിക്കുന്നതായും ഒരു കൈ നെഞ്ചില്‍ അമര്‍ത്തിയിരിക്കുന്നതായും കണ്ടത്. കോളറില്‍ പിടിച്ച് വലിച്ചപ്പോള്‍ ആന്റണിയുടെ കയ്യിലെ കത്തി കണ്ടു. തുടര്‍ന്നാണ് ആന്റണി ജോയിയേയും കുത്തി പരുക്കേല്‍പ്പിച്ചത്.
ജീപ്പില്‍ വച്ച താക്കോലെടുത്ത് ആട് ആന്റണി വാനുമായി രക്ഷപ്പെടുകയും ചെയ്തു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ജോയി രണ്ട് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോയി ഇപ്പോള്‍ സര്‍വിസില്‍ നിന്ന് വിരമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."