മൂന്നാര്‍: ചര്‍ച്ചയാകാതെ ടാറ്റയുടെ കൈയേറ്റം
തൊടുപുഴ: മൂന്നാര്‍ വിഷയത്തില്‍ വിവാദം കൊഴുക്കുമ്പോഴും ടാറ്റയുടെ കൈയേറ്റം ചര്‍ച്ചയാകുന്നില്ല. കഴിഞ്ഞ ദിവസം കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ടാറ്റയുടെ പേര് പരാമര്‍ശിച്ചതേയില്ല. നേരത്തേ വാതോരാതെ പ്രസംഗിച്ചിരുന്ന വി.എസ് അച്യുതാനന്ദനും ഇപ്പോള്‍ ഇവരെ കുറ്റവിമുക്തരാക്കിയ മട്ടാണ്.
മാധ്യമങ്ങള്‍ക്കും പരിസ്ഥിതി സംഘടനകള്‍ക്കും ഇതേ നിലപാട് തന്നെയാണ്. മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോട്ടിനെ തുടര്‍ന്നാണ് മൂന്നാര്‍ വീണ്ടും ചര്‍ച്ചയില്‍ ഇടംപിടിച്ചത്.
രണ്ട് നിയമസഭാ സമിതികളും നിരവധി അന്വേഷണ കമ്മിഷനുകളും ടാറ്റയുടെ കൈയേറ്റം സ്ഥിരീകരിച്ചിട്ടും സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ കഴിഞ്ഞിട്ടില്ല. ടാറ്റയാണ് മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരനെന്ന് വി.എസ് നേരത്തേ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
50,000 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി ടാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത്. നാലകത്ത് സൂപ്പി ചെയര്‍മാനായ നിയമസഭാ അഷ്വറന്‍സ് കമ്മിറ്റി 1996 നവംബറില്‍ ഇത് കണ്ടെത്തിയിരുന്നു. എന്നാല്‍, കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ കടലാസില്‍ ഒതുങ്ങുകയായിരുന്നു. മൂന്നുമാസത്തിനകം സര്‍വേ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ഇസ്ഹാഖ് കുരിക്കള്‍ ചെയര്‍മാനായി 98ല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
2000 മാര്‍ച്ച് 28ന് ഈ കമ്മിറ്റിയും കൈയേറ്റം ഊന്നിപ്പറഞ്ഞിരുന്നു. കൂടാതെ ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടി ഊര്‍ജിതപ്പെടുത്തണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍, ഭൂമി കൈയേറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും അന്നത്തെ ഡെപ്യൂട്ടി സ്പീക്കറും എ.ഐ.ടി.യു.സി നേതാവുമായ സി.എ കുര്യന്‍ പരസ്യമായി പറഞ്ഞു.
കൈയേറാന്‍ 50,000 ഏക്കര്‍ എവിടെയാണെന്നുവരെ കുര്യന്‍ ചോദിച്ചു. ഇതിനെതിരേ ഇസ്ഹാഖ് കുരിക്കള്‍ വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയിരുന്നു.
നിയമസഭാ സമിതിക്കെതിരേ പത്രസമ്മേളനം നടത്തിയ ടാറ്റക്കെതിരേ ചെറുവിരലനക്കാന്‍പോലും നിയമസഭാ അംഗങ്ങള്‍ അന്ന് തയാറായില്ല. എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന വി .എസ് അച്യുതാനന്ദന്‍ മാത്രമാണ് ശബ്ദമുയര്‍ത്തിയത്. ടാറ്റയുടെ പിടിയില്‍നിന്ന് മൂന്നാറിനെ മോചിപ്പിക്കാന്‍ 1,061 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മൂന്നാര്‍ ടൗണ്‍ഷിപ്പ് രൂപീകരിക്കാനുള്ള നീക്കവും ടാറ്റയുടെ സ്വാധീനത്താല്‍ നടന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."