ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം
തൊടുപുഴ: തൊടുപുഴ മേഖലയില്‍ ഈഡിസ് കൂത്താടികളുടെ ഇന്‍ഡക്‌സ് കൂടുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കുന്നതിന് ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വേനല്‍മഴയോടെ രൂപപ്പെട്ട വെള്ളക്കെട്ടുകളാണ് ഈഡിസ് കൂത്താടികളുടെ ഇന്‍ഡക്‌സ് ഉയരാന്‍ കാരണം.
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നീ ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗങ്ങളുടെ സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിനാണ് ഇന്‍ഡക്‌സുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം നടത്തുന്നത്.
ഇതില്‍ പ്രധാന്യം ഹൗസ് ഇന്‍ഡക്‌സ്, ബ്രിട്ടോ ഇന്‍ഡക്‌സ് എന്നിവയാണ്.
പരിശോധന നടത്തിയ വീടുകളില്‍ എത്രയിടത്ത് ഈഡിസ് കൊതുകിന്റെ കൂത്താടി കണ്ടെത്തി എന്നതിനെ ആസ്പദമാക്കിയാണ് ഹൗസ് ഇന്‍ഡക്‌സ് കണക്കാക്കുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന ഉറവിടങ്ങള്‍ പരിശോധിച്ചതില്‍ എത്ര ഈഡിസ് കൂത്താടികളെ കണ്ടെത്തി എന്നതിനെ ആസ്പദമാക്കിയാണ് ബ്രിട്ടോ ഇന്‍ഡക്‌സ് കണ്ടെത്തുക.
ബ്രിട്ടോ ഇന്‍ഡക്എസ് 50-ല്‍ കൂടുകയോ ഹൗസ് ഇന്‍ഡക്‌സ് 10-ല്‍ കൂടുകയോ ചെയ്താല്‍ ആ പ്രദേശം ഡെങ്കിപ്പനിക്ക് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ സംഘം നടത്തിയ പരിശോധനയില്‍ തൊടുപുഴ നഗരസഭയിലെ ഭൂരിപക്ഷം പ്രദേശത്തും ഇന്‍ഡക്‌സുകള്‍കൂടുതലാണ്. ഇതേത്തുടര്‍ന്ന് ഊര്‍ജിത ഉറവിട നശീകരണത്തിന് പരിശീലനം ലഭിച്ച വനിതകള്‍ ഏപ്രില്‍ മൂന്നുമുതല്‍ വീടുകളും സ്ഥാപനങ്ങളും സന്ദള്‍ശിക്കുകയും ഉറവിട നശീകരണ സന്ദേശം കൈമാറുകയും ചെയ്യും. തോട്ടമുടമകളും സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകണം.
ഉറവിട നശീകരണത്തിന് വിസമ്മതിക്കുകയും കൊതുകുവളര്‍ച്ചക്ക് സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."