അസദ് ദുറാനി ചെയ്തത് മണ്ടത്തരം: പര്‍വേസ് മുശറഫ്
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി 'റോ'യുടെ മുന്‍ മേധാവി എ.എസ് ദുലതുമായി ചേര്‍ന്നു പുസ്തകമെഴുതിയ സംഭവത്തില്‍ ഐ.എസ്.ഐ മുന്‍ മേധാവി അസദ് ദുറാനിക്കെതിരേ മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശറഫ്. ദുലതുമായി ചേര്‍ന്നെഴുതിയ പുസ്തകം ഗൂഢാലോചനയല്ലെന്നും വെറും മണ്ടത്തരമാണെന്നും മുശറഫ് കുറ്റപ്പെടുത്തി. പുസ്തകം പാകിസ്താനില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചതിനു പിറകെയാണ് മുന്‍ പ്രസിഡന്റിന്റെ പ്രതികരണം പുറത്തുവന്നത്.
വിരമിച്ച റോ മേധാവിയും ഐ.എസ്.ഐയുടെ മുന്‍ ഡയരക്ടര്‍ ജനറലും ചേര്‍ന്ന് ഒരു പുസ്തകം രചിച്ച വിവരം കേട്ടപ്പോള്‍ ആശ്ചര്യമാണു തോന്നിയതെന്ന് മുശറഫ് പാക് മാധ്യമമായ എക്‌സ്പ്രസ് ന്യൂസിന്റെ ടോക്ക് ഷോയില്‍ പ്രതികരിച്ചു. വ്യത്യസ്തമായ ആശയഗതിയിലുള്ള രണ്ടുപേര്‍ക്ക് എങ്ങനെയാണ് ഒരു പുസ്തകം ഒന്നിച്ച് എഴുതാനാകുകയെന്നും മുശറഫ് ചോദിച്ചു. മോശം പ്രകടനത്തെ തുടര്‍ന്ന് സഊദി അറേബ്യയുടെ അംബാസഡര്‍ സ്ഥാനത്തുനിന്ന് ദുറാനിയെ നീക്കിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.
'ദ സ്‌പൈ ക്രോണിക്കിള്‍സ്: റോ, ഐ.എസ്.ഐ' എന്ന പേരിലാണ് ദുറാനി, എസ്.എസ് ദുലതുമായി ചേര്‍ന്നു പുസ്തകം രചിച്ചത്. ഇന്ത്യയില്‍ 'ഇല്യൂഷന്‍ ഓഫ് പീസ് ' എന്ന പേരിലാണു പുസ്തകം വിപണിയിലുള്ളത്. പുസ്തകം വിവാദമായതോടെ ദുറാനിയെ പാക് സൈനിക ആസ്ഥാനത്തു വിളിച്ചുവരുത്തിയിരുന്നു. രാജ്യം വിടാന്‍ വിലക്കുള്ളവരുടെ പട്ടികയില്‍ ദുറാനിയെ ഉള്‍പ്പെടുത്തുകയും പുസ്തകത്തിലെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്ന് സൈന്യം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."