HOME
DETAILS
MAL
പച്ചക്കറി വാഹനങ്ങളില്‍ മദ്യക്കടത്ത്; കൊറോണക്കാലത്തും തിരിച്ചറിവില്ലാതെ മലയാളി
backup
March 28 2020 | 12:03 PM
പാലക്കാട്: കേരളത്തില്‍ മദ്യ വില്‍പന പൂര്‍ണമായും നിര്‍ത്തിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള വ്യാജമദ്യത്തിന്റെ ഒഴുക്ക് വര്‍ധിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന വാഹനങ്ങളാണ് മദ്യക്കടത്തിന് ഉപയോഗിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
വ്യാഴാഴ്ച ഇത്തരത്തില്‍ പിടികൂടിയ വിദേശമദ്യം കേരളത്തിലേക്ക് കടത്താന്‍ പച്ചക്കറി കൊണ്ടുവരുന്ന വാഹനത്തിലെ ഡ്രൈവറുടെ സഹായമുണ്ടായിട്ടുണ്ടെന്ന സൂചനയും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ വാളയാര്‍, വേലന്താവളം, മീനാക്ഷിപുരം, ഗോപാലപുരം, ഇടുക്കി ജില്ലയിലെ തെന്മല-ആര്യങ്കാവ്, കുമളി, പുളിയറ, തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിള, ഊരമ്പ്, പൂവാര്‍-ആറ്റുപുറം ചെക് പോസ്റ്റുകളിലൂടെയാണ് പ്രധാനമായും തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. ഈ ചെക് പോസ്റ്റുകളിലൂടെ കഴിഞ്ഞ ദിവസം മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധന ശക്തമാക്കാന്‍ എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം ലഭിച്ചതായി ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇതിന്റെ ഭാഗമായി പൊലിസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കൊപ്പം തന്നെ അവശ്യസര്‍വിസ് ഗണത്തില്‍ എക്‌സൈസ് ജീവനക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതോടെ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്ന ഉത്തരവുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഗണത്തില്‍നിന്ന് എക്‌സൈസ് ജീവനക്കാര്‍ ഒഴിവാക്കപ്പെടും.
ഇന്നലെ മുതല്‍ തന്നെ ചെക് പോസ്റ്റുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പച്ചക്കറി, പാല്‍ വാഹനങ്ങളെല്ലാം കര്‍ശനമായ പരിശോധനയിലൂടെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുന്നുള്ളൂ.
ഇത്തരം വാഹനങ്ങളില്‍ നിന്ന് മദ്യമോ മറ്റു ലഹരിപദാര്‍ഥങ്ങളോ ലഭിച്ചാല്‍ വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടികള്‍ കൈക്കൊള്ളാനാണ് എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."