കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍ തട്ടിപ്പ്: പ്രതികള്‍ റിമാന്‍ഡില്‍
കൊല്ലം: ജില്ലയില്‍ വിവിധ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളില്‍നിന്ന് വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പ് നടത്തിയ കേസിലെ സംഘത്തെ കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലെ ക്ലാര്‍ക്കായ കെന്‍സി ജോണ്‍സനാണ് മുഖ്യസൂത്രധാരന്‍. ഇയാള്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചേര്‍ത്താണ് ഈ തട്ടിപ്പ് നടത്തിയത്. വിവിധ ബ്രാഞ്ചുകളില്‍ കെന്‍സി ജോണ്‍സണ്‍ ഉയര്‍ന്ന ചിട്ടിക്ക് ചേര്‍ന്നശേഷം ഇയാളുടെ ഭാര്യയുടേയും സുഹൃത്തുക്കളുടേയും പേരില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിന്റെ വ്യാജ വേതന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ചിട്ടിപണം തട്ടിയെടുക്കുകയായിരുന്നു.
കെ.എസ്.എഫ്.ഇയില്‍നിന്ന് ഇത്തരം സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ചോദിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലേയ്ക്ക് അയക്കുന്ന കത്തും തന്ത്രപരമായി കൈക്കലാക്കി വ്യാജസീലും ഒപ്പും ചാര്‍ത്തി മടക്കി അയക്കുകയുമായിരുന്നു. കൊല്ലം ഈസ്റ്റ്, വെസ്റ്റ്, അഞ്ചാലുംമൂട് കിളികൊല്ലൂര്‍, കൊട്ടിയം പാരിപ്പള്ളി പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തട്ടിപ്പ് കേസുകള്‍ കൊല്ലം ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ എ. അശോകനാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
അഭിലാഷ്, സനല്‍ എന്നീ പേരുകളില്‍ കുണ്ടറ കെ.എസ്.എഫ്.ഇ ബ്രാഞ്ചില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസില്‍ ഫോണില്‍ തിരക്കിയപ്പോഴാണ് ഈ പോരുള്ള ജീവനക്കാര്‍ ഓഫിസില്‍ ജോലി ചെയ്യുന്നില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേസിലെ മുഖ്യസുത്രധാരകന്‍ കെന്‍സി ജോണ്‍സനേയും ഭാര്യ ഷിജിയേയും നേരത്തേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കിളികൊല്ലൂര്‍ കന്നിമേല്‍ ചേരിയില്‍ പ്രതീക്ഷാ നഗര്‍ 112ല്‍ സുധ ഭവനില്‍ ശരത് ഭദ്രന്‍, കന്നിമേല്‍ ചേരിയില്‍ സൗഹാര്‍ദ്ദ് നഗര്‍ 19ല്‍ സോണി പി ജോണ്‍, വടക്കേവിള വില്ലേജില്‍ പട്ടത്താനം ഭാവന നഗര്‍ 280ല്‍ അനിതാ ഭവനില്‍ അഭിലാഷ് എന്നിവരെ കൊല്ലം റയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മങ്ങാട് ചാത്തനാംകുളം ജെ.എം.ജെ ഹൗസില്‍ ജോണ്‍സനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ അറസ്റ്റോടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് പുറത്തായത്.
അതേസമയം ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ക്ക് പുറമെ എസ്.ഐ മാരായ ധനപാലന്‍, കെ. വിനോദ്, ബാലന്‍, ഷെഫീക്ക്, എ.എസ്.ഐമാരായ സുരേഷ്‌കുമാര്‍, ഷാനവാസ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."