ബ്രസീല്‍ യോഗ്യര്‍; അര്‍ജന്റീന പരുങ്ങലില്‍
മോണ്ടെവീഡിയോ: 2018ലെ റഷ്യന്‍ ലോകകപ്പിനു സീറ്റുറപ്പാക്കുന്ന ആദ്യ ടീമായി മുന്‍ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ മാറി. പരാഗ്വയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണു സെലക്കാവോകളുടെ കുതിപ്പ്. തുടര്‍ച്ചയായ ഒന്‍പതാം വിജയം കുറിച്ചാണു ബ്രസീല്‍ യോഗ്യത ഉറപ്പാക്കിയത്. അതേസമയം വിലക്കിനെ തുടര്‍ന്നു നായകന്‍ ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയെ ബൊളീവിയ 2-0ത്തിനു അട്ടിമറിച്ചു. തോല്‍വിയോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അവര്‍ അഞ്ചാം സ്ഥാനത്തേക്കു വീണു. തോല്‍വി അവരുടെ ലോകകപ്പ് സാധ്യതകള്‍ക്കു മേല്‍ കറുത്ത മേഘമായി വീണ്ടും പടര്‍ന്നു.
മറ്റു മത്സരങ്ങളില്‍ ചിലി 3-1നു വെനസ്വലയേയും കൊളംബിയ 2-0ത്തിനു ഇക്വഡോറിനേയും പരാജയപ്പെടുത്തി. കരുത്തരായ ഉറുഗ്വെ വീണ്ടും തോല്‍വി വഴങ്ങി. ഇത്തവണ അവരെ പെറു 2-1നു പരാജയപ്പെടുത്തി.
ബ്രസീല്‍ 3-0 പരാഗ്വെ
കഴിഞ്ഞ മാര്‍ച്ചിനു ശേഷം നായകന്റെ ആംബാന്‍ഡ് വീണ്ടും അണിഞ്ഞിറങ്ങിയ നെയ്മര്‍ കളം നിറഞ്ഞ പോരാട്ടത്തിലാണു ബ്രസീലിന്റെ വിജയം. കളിയുടെ 34ാം മിനുട്ടില്‍ കുട്ടീഞ്ഞോയിലൂടെ ബ്രസീല്‍ മുന്നില്‍ കടന്നു. പിന്നീടു രണ്ടാം പകുതിയിലാണു രണ്ടുഗോളുകള്‍ കൂടി നേടി ബ്രസീല്‍ വിജയം പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതിയില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും 64ാം മിനുട്ടില്‍ വല ചലിപ്പിച്ച് നെയ്മര്‍ ബ്രസീലിനെ വീണ്ടും മുന്നില്‍ കടത്തി. ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ 52ാം അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്. കളി തീരാന്‍ നാലു മിനുട്ടുകള്‍ അവശേഷിക്കേ മാഴ്‌സെലോ സെലക്കാവോകളുടെ മൂന്നാം ഗോളും വലയിലാക്കി വിജയം ഉറപ്പിച്ചു.
ദുംഗയ്ക്ക് പകരം പരിശീലകനായി ടിറ്റെ സ്ഥാനമേറ്റ ശേഷം ബ്രസീല്‍ തോല്‍വി അറിയാതെയാണു കുതിക്കുന്നത്. ഇതില്‍ ഏഴു മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും അവര്‍ വഴങ്ങിയിട്ടുമില്ല. ലാറ്റിനമേരിക്കന്‍ യോഗ്യതാ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ കൊളംബിയയുമായി ഒന്‍പതു പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കം സ്വന്തമാക്കിയാണു ബ്രസീല്‍ ലോകകപ്പിനെത്തുന്നത്.
ബൊളീവിയ 2-0 അര്‍ജന്റീന
ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണു നായകന്‍ ലയണല്‍ മെസ്സിയെ ഫിഫ നാലു മത്സരങ്ങളില്‍ നിന്നു വിലക്കിയതായി പ്രസ്താവിച്ചത്. തൊട്ടുമുന്‍പ് നടന്ന ചിലിക്കെതിരായ പോരാട്ടത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണു മെസ്സിക്ക് വിലക്കു നേരിടേണ്ടി വന്നത്.
അതോടെ നായകനില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കു മേല്‍ മാനസിക ആധിപത്യം ഉറപ്പിച്ചാണു ബൊളീവിയ അട്ടിമറി വിജയം സ്വന്തമാക്കിയത്. ഇരു പകുതികളിലായി രണ്ടുഗോളുകള്‍ അടിച്ചാണു പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരും ലോകകപ്പ് യോഗ്യത ഏതാണ്ട് അവസാനിക്കുകയും ചെയ്ത ബൊളീവിയ അപ്രതീക്ഷിത വിജയം പിടിച്ചത്. 31ാം മിനുട്ടില്‍ യുവാന്‍ ആര്‍സെയും 52ാം മിനുട്ടില്‍ മൊറെനോയും ബൊളീവിയക്കായി വല ചലിപ്പിച്ചു.
മെസ്സിയെ കൂടാതെ നിക്കോളാസ് ഓടാമെന്‍ഡി, ലൂക്കാസ് ബിഗ്ലിയ, മഷറാനോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരും വിലക്കിനെ തുടര്‍ന്നു കളത്തിലിറങ്ങാത്തത് അവര്‍ക്ക് ഇരട്ട പ്രഹരമായി മാറുകയായിരുന്നു. തോല്‍വിയേടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അര്‍ജന്റീന അഞ്ചാം സ്ഥാനത്തേക്കു വീണു. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് നേരിട്ടും അഞ്ചാം സ്ഥാനത്തെ ടീമിനു കോണ്‍കാകാഫ് മേഖലയിലുള്ള ഒരു ടീമുമായി യോഗ്യതാ മത്സരം കളിച്ചും ലോകകപ്പ് സീറ്റുറപ്പിക്കാം.
അര്‍ജന്റീനയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി ഈയൊരു ആനുകൂല്യം നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇനിയുള്ള മൂന്നു മത്സരങ്ങളിലും മെസ്സിയില്ലാതെ തന്നെ അര്‍ജന്റീനയ്ക്കു കളിക്കാനിറങ്ങേണ്ടി വരും.
ചിലി 3-1 വെനസ്വല
ആദ്യ പത്തു മിനുട്ടിനുള്ളില്‍ രണ്ടു ഗോളുകളും 25 മിനുട്ടിനുള്ളില്‍ മൂന്നാം ഗോളും വലയിലാക്കി ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ചിലി ലോകകപ്പ് യോഗ്യതയ്ക്കുള്ള സാധ്യതകള്‍ വീണ്ടും സജീവമാക്കി. വെനസ്വലയെ 3-1നു കീഴടക്കിയ ചിലി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു കയറി. കളിയുടെ അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി അലക്‌സിസ് സാഞ്ചസ് ചിലിയെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിച്ചു.
ചിലിയന്‍ താരത്തിന്റെ 37ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ചിലിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താനും സാഞ്ചസിനായി. 37 ഗോളുകള്‍ നേടിയ മാഴ്‌സലോ സലാസിന്റെ റെക്കോര്‍ഡിനൊപ്പമാണു ആഴ്‌സണല്‍ താരമെത്തിയത്. രണ്ടു മിനുട്ടിനുള്ളില്‍ എസ്റ്റാബെന്‍ പരാഡെസ് ചിലിയെ വീണ്ടും മുന്നില്‍ കടത്തി. 22ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ പരാഡെസ് പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. 63ാം മിനുട്ടില്‍ റോന്‍ഡോനിലൂടെ വെനസ്വല ഒരു ഗോള്‍ മടക്കി ആശ്വാസം കൊണ്ടു.
കൊളംബിയ 2-0 ഇക്വഡോര്‍
നായകന്‍ ജെയിംസ് റോഡ്രിഗസും യുവാന്‍ ക്വഡ്രാഡോയും നേടിയ ഗോളുകളുടെ കരുത്തില്‍ കൊളംബിയ ഇക്വഡോറിനെ 2-0ത്തിനു വീഴ്ത്തി. ജയത്തോടെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന കൊളംബിയ ലോകകപ്പ് യോഗ്യതയ്ക്കുള്ള സാധ്യതകള്‍ സജീവമാക്കി. കളിയുടെ 20ാം മിനുട്ടില്‍ റോഡ്രിഗസ് കൊളംബിയയെ മുന്നിലെത്തിച്ചപ്പോള്‍ 34ാം മിനുട്ടില്‍ രണ്ടാം ഗോള്‍ ക്വഡ്രാഡോ വലയിലാക്കി.
പെറു 2-1 ഉറുഗ്വെ
കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനോടു 4-1നു പരാജയപ്പെട്ട ഉറുഗ്വെ വീണ്ടും തോല്‍വി വഴങ്ങി. ഇത്തവണ പെറു സ്വന്തം തട്ടകത്തില്‍ ഉറുഗ്വെയെ 2-1നു വീഴ്ത്തുകയായിരുന്നു. തോല്‍വി അവരെ രണ്ടാം സ്ഥാനത്തു നിന്നു മൂന്നിലേക്ക് ഇറക്കി. എങ്കിലും ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ ഇപ്പോഴും അസ്തമിച്ചിട്ടില്ല എന്നതു മാത്രം അവര്‍ക്ക് ആശ്വാസം നല്‍കുന്നു. കാര്‍ലോസ് സാഞ്ചസിലൂടെ ഉറുഗ്വെയാണു ലീഡെടുത്തതെങ്കിലും പിന്നീടു ഇരു പകുതികളിലായി വല ചലിപ്പിച്ച് പെറു മുന്‍ ലോക ചാംപ്യന്‍മാരെ അട്ടിമറിക്കുകയായിരുന്നു. എഡിന്‍സന്‍ കവാനിക്കൊപ്പം ലൂയീസ് സുവാരസും ഇത്തവണ മുന്നേറ്റത്തിലുണ്ടായിട്ടും ഉറുഗ്വെ ക്ലച്ചു പിടിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."