തലശ്ശേരി നഗരസഭയെ ലഹരി മുക്തമാക്കാന്‍ തീരുമാനം
തലശ്ശേരി: നഗരസഭയെ ലഹരി വിമുക്തമാക്കാന്‍ തീരുമാനം. നഗരസഭ അധികൃതര്‍, പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി കഞ്ചാവ്, നിരോധിത പാന്‍മസാല ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ എന്നിവ കണ്ടെത്താന്‍ പൊലിസും എക്‌സൈസും പരിശോധനകള്‍ ശക്തമാക്കും. ഒന്നില്‍ കൂടുതല്‍ തവണ നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുന്ന കടകളുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കും. വിദ്യാലയങ്ങള്‍ക്ക് സമീപത്തെ കടകളില്‍ ഇവ വില്‍ക്കുന്നതിനെതിരെ നോട്ടീസ് നല്‍കും. എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ പ്രചരണം സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.
വിദ്യാലയങ്ങളിലും നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും ബോധവത്കരണ കലാജാഥ നടത്തും. എക്‌സൈസ് വകുപ്പ് ജില്ലയില്‍ നേരത്തെ അവതരിപ്പിച്ച തെരുവ് നാടകം കലാജാഥയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 15 ന് ബോധവത്കരണ പ്രചാരണത്തിന്റെ സമാപനമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലെ പരസ്യ മദ്യപാനത്തിനെതിരെയും നടപടിയെടുക്കും. നഗരസഭാധ്യക്ഷന്‍ സി.കെ. രമേശന്‍ അധ്യക്ഷനായി. ടൗണ്‍ എസ്.ഐ സി ഷാജു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ഹരിനന്ദന്‍, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എം.പി നീമ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി രാഘവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."