അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ തീരുമാനം
ഗാര്‍ഹിക തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കും
സ്വകാര്യ ആശുപത്രികളിലെ ഘട്ടംഘട്ടമായുള്ള ശമ്പള വിതരണരീതി അവസാനിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ശക്തമാക്കാന്‍ തൊഴില്‍ വകുപ്പ് തീരുമാനം. ഗാര്‍ഹിക തൊഴിലാളികള്‍, ഷോപ്പുകള്‍ , ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കും മിനിമം കൂലി ഉറപ്പുവരുത്താനും സുരക്ഷാ പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.
പി.എഫ്, ഇ.എസ്.ഐ അടക്കം അര്‍ഹമായ ഇതര ആനുകൂല്യങ്ങളും ഉറപ്പാക്കും. അസംഘടിത തൊഴിലാളികളെ വിവിധ ക്ഷേമ ബോര്‍ഡുകളുടെ പരിധിയില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ഗാര്‍ഹിക തൊഴിലാളി ക്ഷേമ പദ്ധതിയില്‍ ഇപ്പോള്‍ 12,444പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലും എത്രയോപേര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. 2010ലാണ് ഗാര്‍ഹിക തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിച്ചത്. ഇത് പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിട്ടുണ്ട്. മിനിമം വേതനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കുന്ന പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെക്‌സ്റ്റൈല്‍ മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ഊര്‍ജിതമാക്കും. ഇതിനായി തൊഴില്‍ വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം തൊഴിലാളികള്‍ക്ക് നിയമന ഉത്തരവ് നല്‍കണമെന്നും ആവശ്യമായ വിശ്രമസ്ഥലം, പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സംവിധാനം ഒരുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇരുപതും അതില്‍ കൂടുതലും തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ക്രഷ് സൗകര്യം നല്‍കണം. അമ്പതിലധികം സ്ത്രീ, പുരുഷ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി താമസ സൗകര്യം നല്‍കണം.
സ്വകാര്യ ആശുപത്രികളില്‍ ശമ്പളം രണ്ടും മൂന്നും ഘട്ടങ്ങളായി നല്‍കുന്ന രീതി അവസാനിപ്പിക്കാനും നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനം ബാങ്ക് വഴി നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വേതന സുരക്ഷാ പദ്ധതി ഉടന്‍ സംസ്ഥാന വ്യാപമാക്കും. ഇത് തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന സ്ഥാപന പരിശോധനയില്‍ ഉറപ്പുവരുത്തും. നിയമം അനുശാസിക്കുന്ന വേതനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേജ് സ്ലിപ് ഓണ്‍ലൈന്‍ മുഖേന നടപ്പാക്കും.
വേതന സുരക്ഷാ പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണുമായി സഹകരിച്ച് പ്രത്യേക സോഫ്ട് വെയര്‍ വികസിപ്പിക്കുകയും ദേശസാത്കൃത-ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സ്വകാര്യ തൊഴിലുടമാ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി പതിനെട്ട് ബാങ്കുകളുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ തൊഴിലാളികള്‍ക്കു കൃത്യസമയത്ത് വേതനം ലഭ്യമാകുന്നുണ്ടോയെന്ന് ഓണ്‍ലൈനായി തന്നെ പരിശോധിക്കാനും വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും സാധിക്കും. ഇതുവരെ സംസ്ഥാനത്ത് 279 സ്ഥാപനങ്ങള്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. മുഴുവന്‍ സ്ഥാപനങ്ങളെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും. തോട്ടം തൊഴിലാളികളുടെ മിനിമം കൂലി വര്‍ധിപ്പിച്ചതോടൊപ്പം അവരുടെ ജോലി സമയം വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."