തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് മേല്‍ക്കൈ
തിരുവനന്തപുരം: ചെങ്ങന്നൂരിന് പിന്നാലെ സംസ്ഥാനത്തുനടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന് മേല്‍ക്കൈ. ഉപതെരഞ്ഞെടുപ്പ് നടന്ന 19 വാര്‍ഡുകളില്‍ പന്ത്രണ്ടിടത്ത് എല്‍.ഡി.എഫും ഏഴിടത്ത് യു.ഡി.എഫും വിജയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഉപതെരഞ്ഞെടുപ്പ് നടന്ന മലപ്പുറം പോത്തുകല്ല് പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുന്‍ സി.പി.എം അംഗം സി.എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു. മഞ്ചേരി നഗരസഭയിലെ പാലക്കളം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കട്ടിലപ്പറമ്പ് വേലായുധനാണ് ഇവിടെ വിജയിച്ചത്.
കണ്ണൂര്‍, ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപ്പറമ്പ് വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ജെസി ജയിംസാണ് ഇവിടെ വിജയിച്ചത് (ഭൂരിപക്ഷം 258). കോണ്‍ഗ്രസ് അംഗമായിരുന്ന ഷെനി ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇരിട്ടി നഗരസഭയിലെ ആട്ട്യലം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ കെ. അനിതയാണ് വിജയിച്ചത് (ഭൂരിപക്ഷം 253). പാപ്പിനിശേരി പഞ്ചായത്തിലെ ധര്‍മക്കിണര്‍ വാര്‍ഡില്‍ സി.പി.എമ്മിലെ എം. സീമ വിജയിച്ചു. (ഭൂരിപക്ഷം 478).
പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു വാര്‍ഡുകളില്‍ മൂന്നിടത്ത് ഇടതുമുന്നണിയും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. യു.ഡി.എഫിന്റെ രണ്ടു സിറ്റിങ് സീറ്റുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. അങ്ങാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ദീപാ സജി ഏഴ് വോട്ടിന് ജയിച്ചു. എല്‍.ഡി.എഫില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട ഡിവിഷനില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി.എം സ്ഥാനാര്‍ഥി ചന്ദ്രികാദേവി 242 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് ഡിവിഷനില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി.എമ്മിലെ ആര്‍.എസ് ജയലക്ഷ്മി 1581 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിലെ കെ. ജയരാജനാണ് വിജയിച്ചത് (ഭൂരിപക്ഷം 1403). ചെര്‍പ്പുളശേരി നഗരസഭയിലെ നിരപ്പറമ്പ് വാര്‍ഡില്‍ സി.പി.എമ്മിലെ ഷാജി പാറയ്ക്കല്‍ വിജയിച്ചു (ഭൂരിപക്ഷം 263).
കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ 2ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.എമ്മിന്റെ രമ കൊട്ടാരത്തില്‍ 274 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡിലും എല്‍.ഡി.എഫ് വിജയിച്ചു.
തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ് യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡാണിത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇടുക്കി കട്ടപ്പന നഗരസഭയിലെ ആറാം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."