മുത്തങ്ങയില്‍ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ കര്‍ണാടകയിലേക്ക് തിരിച്ചയച്ചു
സുല്‍ത്താന്‍ ബത്തേരി: ബംഗളൂരുവില്‍ നിന്നു സംസ്ഥാനത്തേക്ക് എത്തി മുത്തങ്ങയില്‍ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ കര്‍ണാടകയിലേക്ക് തിരിച്ചയച്ചു. അതേ സമയം സുരക്ഷിതമല്ലാത്ത സമയത്ത് കുട്ടികളുമായി യാത്ര ചെയ്തതിന് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഫൈസലിനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലിസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
കണ്ണൂര്‍ സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമടങ്ങുന്ന കുടുംബം ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മുത്തങ്ങയില്‍ എത്തിയത്. എന്നാല്‍ ലോക്ക് ഡൗണും നിരോധനാജ്ഞയും നിലനില്‍ക്കുന്നതിനാല്‍ കുടുംബത്തെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതേ സമയം ക്വാറന്റൈന്‍ ആകണം എന്ന് അധികൃതര്‍ പറഞ്ഞെങ്കിലും കുടുംബം അതിന് തയാറായില്ലന്നും അധികൃതര്‍ വ്യക്തമാക്കി. പിന്നീട് കര്‍ണാടകയിലേക്ക് തിരികെ പോകാന്‍ ശ്രമിച്ചെങ്കിലും അതും മൂലഹള്ളയിലെ കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റ് അധികൃതര്‍ തടഞ്ഞു. വീണ്ടും തിരികെയെത്തിയ കുടുംബം തകരപ്പാടിയില്‍ ആര്‍.ടി ഓഫിസിനുസമീപം വനപാതയില്‍ കാറില്‍ തന്നെ തങ്ങുകയായിരുന്നു.
മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനപാതയില്‍ കുടുങ്ങിയ കുടുംബത്തിന്റെ കാര്യത്തില്‍ രാത്രിയായിട്ടും തീരുമാനമാകാതിരുന്നതോടെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് പൊലിസുമായി സംസാരിച്ച് കുടുംബത്തിന് പൊലിസ് സംരക്ഷണം നല്‍കുകയും ചെയ്തു. ഒരു രാത്രി മുഴുവന്‍ കുട്ടികളെയും കൊണ്ട് ഇവര്‍ക്ക് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വനപാതയില്‍ കാറില്‍തന്നെ കഴിച്ചുകൂട്ടേണ്ടി വന്നു. ഇവര്‍ക്കുള്ള ഭക്ഷണം റവന്യും വകുപ്പും സന്നദ്ധ പ്രവര്‍ത്തകരും എത്തിച്ചുനല്‍കുകയായിരുന്നു.
പിറ്റേദിവസം രാവിലെ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജിന്റെ നിര്‍ദേശപ്രകാരം കുടുംബത്തെ സുല്‍ത്താന്‍ ബത്തേരി എല്‍.ആര്‍ തഹസില്‍ദാര്‍ അബൂബക്കര്‍ കര്‍ണാടകാതിര്‍ത്തി മൂലഹള്ള ചെക്ക് പോസ്റ്റില്‍ എത്തിച്ച് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഇവിടെ നിന്നും ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് കര്‍ണാടക ആരോഗ്യവകുപ്പ് എത്തി പരിശോധന നടത്തി പൊലിസ് നിരീക്ഷണത്തില്‍ തിരികെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്.ബംഗളൂരൂവില്‍ സ്ഥാപനം നടത്തുന്ന ഇവര്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കര്‍ണാടകയിലേക്ക് പോയത്. പിന്നീട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം വെള്ളിയാഴ്ച രാത്രിയോടെയാണ് ബംഗളൂരു പൊലിസ് കമ്മിഷണറുടെ കത്തുമായി നാട്ടിലേക്ക് തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."