വടക്കന്‍ കേരളം പൂരോത്സവ ലഹരിയിലേക്ക് പിലിക്കോട് ഇന്ന് പത്മശാലിയ പൊറാട്ട്
ചെറുവത്തൂര്‍: ഇന്ന് മീനമാസത്തിലെ കാര്‍ത്തിക. വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളിലും കാവുകളിലും ഇനി പൂരക്കാഴ്ചകള്‍ നിറയും. മേളപ്പെരുക്കങ്ങളും, കരിമരുന്നു പ്രയോഗവും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും നിറയുന്ന തെക്കിന്റെ പൂരത്തില്‍ നിന്നും വ്യത്യസ്തമായി വടക്കിന്റെ പൂരത്തിന് സവിശേഷതകള്‍ ഏറെയാണ്. വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വ്വരതയുടെ കാലം കൂടിയാണ്. മീന മാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പത് നാളുകളിലാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്. ഇന്ന് കാര്‍ത്തിക നാളിലാണ് മറ്റിടങ്ങളില്‍ പൂരത്തിന്റെ ആരംഭം. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമപൂജയാണ് പൂരത്തിന് മുഖ്യം. പൂരക്കളിയാണ് പൂരാഘോഷത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. മറത്തുകളി പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനമാണ്. രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര് കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വിദ്വല്‍സദസ്സാണിത്. പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരാഘോഷം ഭാഗമായി പിലിക്കോട് രയരമംഗലം ക്ഷേത്രത്തില്‍ ഇന്ന് കാര്‍ത്തിക വിളക്ക് ഉത്സവം നടക്കും. വൈകുന്നേരം അഞ്ചു മണിക്കാണ് പത്മശാലിയ പൊറാട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."