നിപാ വൈറസ്: വ്യാജ പ്രചാരണങ്ങള്‍ക്ക് ചെവികൊടുക്കരുത്
എടച്ചേരി: വടകര താലൂക്കിലെ ചില പഞ്ചായത്തുകളില്‍ നിപാ വൈറസ് ബാധ നിലനില്‍ക്കുന്നുണ്ടെങ്കിലും എടച്ചേരി, പുറമേരി, ഏറാമല പഞ്ചായത്തുകളില്‍ ഇതുവരെ നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലൂടെയും അല്ലാതെയും വരുന്ന അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് മൂന്ന് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനങ്ങളില്‍ ഭീതി ഉളവാക്കും വിധം നാട്ടിന്‍ പുറങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ പരന്നിരുന്നു. എടച്ചേരിയിലും, ഏറാമല പഞ്ചായത്തിലെ എളങ്ങോളിയിലും നിപാ വൈറസ് പനി ബാധിച്ചെന്നായിരുന്നു പ്രചാരണം. എടച്ചേരി ഒന്‍പതാം വാര്‍ഡില്‍ മധ്യവയസ്‌കന് നിപാ പനി ബാധിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്.
എന്നാല്‍ ഇദ്ദേഹത്തിന് യൂറിനല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്നുണ്ടായ പനിയും ശരീരവേദനയുമായിരുന്നു വന്നത്. ഇദ്ദേഹത്തെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത് അക്കാരണത്താലാണെന്ന് എടച്ചേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവനും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷനും പറഞ്ഞു.
കാര്‍ത്തികപ്പള്ളി എളങ്ങോളിയിലെ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനെയും പനി കാരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിനും നിപാ വൈറസ് ബാധയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഭാസ്‌കരന്‍ സുപ്രഭാതത്തോട് പറഞ്ഞു. പുറമേരി പഞ്ചായത്തില്‍ എവിടെയും ഇതുവരെ വൈറല്‍ പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് കെ. അച്ചുതനും അറിയിച്ചു.അതെ സമയം നിപാ ബാധിച്ച് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ മരണ വീട്ടില്‍ പോയെന്ന കാരണത്താല്‍ ആളുകള്‍ ഇവരെ ഭയപ്പെടുന്ന അവസ്ഥയുമുണ്ട്.
രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം മൂലം മാത്രമെ ഈ രോഗം പകരൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതരും ഡോക്ടര്‍മാരും ആവര്‍ത്തിച്ച് അറിയിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ അമിതമായ ആശങ്കയിലാണ്. ഇതിന്റെ വ്യക്തമായ തെളിവുകളാണ് കച്ചവട കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന ശൂന്യത, ബസ് യാത്രക്കാരിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. രോഗം പകരാതിരിക്കാനുള്ള വ്യക്തിപരമായ മുന്‍കരുതല്‍ എടുക്കലാണ് പ്രധാനമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പലയിടങ്ങളിലും ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടിക്ക് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എടച്ചേരി താഴെ പിലാവില്‍ പള്ളിയില്‍ രാത്രി നിസ്‌കാരത്തിന് (തറാവീഹ്) ശേഷം നടന്ന ചടങ്ങില്‍ കല്ലാച്ചി വിംസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ടി.പി സലാഹുദ്ദീന്‍ നിപാ വൈറസിനെ കുറിച്ചുള്ള ബോധവല്‍കരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."