പ്രതിരോധത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കുചേരണം: സ്‌കൂള്‍ അസോസിയേഷന്‍
കോഴിക്കോട്: നിപാ ബാധയുടെ പശ്ചാത്തലത്തില്‍ നടന്നുവരുന്ന പ്രതിരോധ യജ്ഞത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആത്മാര്‍ത്ഥമായി പങ്കുചേരണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രത്യേക ട്രെയിനിങ് പരിപാടികള്‍, ഏതെങ്കിലും തരത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നിശ്ചയിച്ച ക്ലാസുകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാവണം. പുസ്തക വിതരണം, യൂനിഫോം വിതരണം എന്നിവ ഏതെങ്കിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ടെങ്കില്‍ അവ മാറ്റിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും യോഗം നിര്‍ദേശിച്ചു.
നിപാ ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ 18 വരെയെങ്കിലും നീട്ടിവയ്ക്കുന്നത് ഉചിതമാണെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ നിസാര്‍ ഒളവണ്ണ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എം. ശശീധരന്‍, ഭാരവാഹികളായ സി.പി അബ്ദുല്ല, ശങ്കരന്‍ നടുവണ്ണൂര്‍, മുരളീധര മേനോന്‍, കെ.പി മുഹമ്മദലി, ഡി. ശ്രീജ സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."