വന്യമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം വേണം: ആലത്തൂര്‍ താലൂക്ക് വികസന സമിതി
പാലക്കാട്:താലൂക്കിന്റെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിരന്തരമുണ്ടാവുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പിനോട് ആവശ്യപ്പെടാന്‍ ആലത്തൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്‌നങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താകള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. റേഷന്‍ വിതരണത്തില്‍ കൃത്രിമം കാണിക്കുന്ന വിതരണക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും ഉപഭോക്താകള്‍ക്ക് നല്‍കുന്ന വസ്തുകളുടെ അളവ് കൃത്യമായി എല്ലാ റേഷന്‍ കടകളുടെ മുന്നിലും പ്രദര്‍ശിപ്പക്കണമെന്നും യോഗം തീരുമാനിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കാനും ലഹരി വസ്തുകളുടെ വില്‍പ്പന തടയുന്നതിനാവശ്യമായ പരിശോധന സ്വീകരിക്കാനും ആവശ്യപ്പെട്ടു. ഓട്ടോറിക്ഷയടക്കമുള്ള വാഹനനങ്ങളില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്നത് തടയണമന്നും ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനായ യോഗത്തില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ഗംഗാധരന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.ടി. ഔസേപ്പ്, വി. മീനാകുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."