തുരുത്തുമ്മല്‍ കോളിലെ നെല്‍കൃഷി ഉപേക്ഷിക്കുന്നു
ചങ്ങരംകുളം: അപ്രതീക്ഷിതമായുണ്ടായ വേനല്‍ മഴയില്‍ വെള്ളത്തിലായ തുരുത്തുമ്മല്‍ കോളിലെ നെല്‍കൃഷി മുഴുവന്‍ കൊയ്തെടുക്കാനാകാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു. കൊയ്ത്ത് ആരംഭിക്കാനിരുന്ന കോള്‍പടവിലാണ് മഴ മൂലം വെള്ളം നിറഞ്ഞു കൊയ്ത്ത് മുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മഴ ഇല്ലാതിരുന്നതും മോട്ടോര്‍ ഉപയോഗിച്ചു വെള്ളം നൂറടി തോട്ടിലേക്ക് ഒഴുക്കിവിട്ടപ്പോഴും കര്‍ഷകര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, 450 ഏക്കറിലുള്ള നെല്ല് ഇത്ര ദിവസം പിന്നിട്ടിട്ടും മുഴുവന്‍ കൊയ്തെടുക്കാന്‍ സാധിച്ചിട്ടില്ല.
വെള്ളം കയറിയ നെല്ല് കൊയ്ത്തു യന്ത്രം ഉപയോഗിച്ചു കൊയ്യുന്നുണ്ടെങ്കിലും വേഗത്തിലും സാധാരണ ചെലവിലും കൊയ്യാന്‍ സാധിക്കുന്നില്ല.
നെല്ല് കരയ്ക്കെത്തിക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി ചെലവു വരുന്നുണ്ട്.
ഇതു കര്‍ഷകര്‍ക്കു വലിയ നഷ്ടം വരുത്തും. രണ്ടു തവണ ബണ്ട് തകര്‍ന്നതുമൂലം കൃഷിയിറക്കാന്‍ വൈകിയതാണ് വിളവെടുപ്പ് വൈകാന്‍ ഇടയാക്കിയത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ബണ്ട് തകര്‍ന്നു കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ ഏറെ പ്രതീക്ഷയിലാണ് ഇത്തവണ കൃഷിയിറക്കിയത്. മുന്‍ വര്‍ഷങ്ങളിലെ കൃഷി നാശത്തിനു നഷ്ടപരിഹാരം നല്കുമെന്നു പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ലഭിച്ചിട്ടില്ല.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്കാന് കലക്ടറും സ്പീക്കറുമടക്കമുള്ള അധികൃതര്‍ തയാറാകണമെന്നു പൊന്നാനി കോള്‍ സംരക്ഷണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."