HOME
DETAILS
MAL
2.4 ലക്ഷം പേര് വരെ മരിച്ചേക്കാമെന്ന് ട്രംപ്
backup
April 02 2020 | 05:04 AM
വാഷിങ്ടണ്‍: കൊറോണ വൈറസിനെ നേരിടാനാകാതെ യു.എസ് പ്രതിസന്ധിയില്‍. രാജ്യത്ത് ഒരുലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ രോഗം ബാധിച്ച് മരിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് വൈറ്റ്ഹൗസും ശരിവച്ചു. അടുത്ത രണ്ടാഴ്ച യു.എസില്‍ നിര്‍ണായകമാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇത് മരണത്തിന്റെയും ജീവിതത്തിന്റെയും വിഷയമായിരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.
രാജ്യത്ത് സമൂഹവ്യാപനം മരണനിരക്ക് കൂട്ടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇന്നലെ വൈറ്റ്ഹൗസില്‍ നടന്ന ബ്രീഫിങ്ങില്‍ ഇക്കാര്യം ശരിവയ്ക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. തുടക്കത്തില്‍ കൊറോണ വൈറസിനെ തമാശയായി കണ്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുകയാണ്.
സാമൂഹിക അകലം പാലിക്കല്‍ ഇല്ലെങ്കില്‍ മരണസംഖ്യ 2.4 ലക്ഷം വരെയാകാമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്. യു.എസിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ കൊറോണയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനയിലും ആശങ്ക നിറഞ്ഞു നിന്നിരുന്നു. അടുത്ത രണ്ടാഴ്ച ബുദ്ധിമുട്ടേറിയതാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് ജനങ്ങള്‍ തയാറെടുക്കണം. രാജ്യം ഉടനെ തുരങ്കത്തിന്റെ അറ്റത്തെ വെളിച്ചം കണ്ടുതുടങ്ങുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 4000 പേര് അമേരിക്കയില്‍ മരിച്ചതായാണ് കണക്ക്. 1.86 ലക്ഷം പേര്‍ക്ക് ഇതിനകം രോഗം ബാധിച്ചുക്കഴിഞ്ഞു. യു.എസ് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് ട്രംപ് സൂചന നല്‍കിയത്. 1500 ലധികം മരണം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്കില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മിക്ക സ്റ്റേറ്റ് ഭരണകൂടങ്ങളും ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."