മലയോര ഹൈവേക്ക് ഭരണാനുമതി: കുതിച്ചുപായാന്‍ കാത്ത് മലയോരം
തിരുവമ്പാടി: കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ നീണ്ടുകിടക്കുന്ന മലയോര പ്രദേശത്തുകൂടി കടന്നുപോകുന്നതാണ് നിര്‍ദിഷ്ട മലയോരപാത. 380 കിലോമീറ്ററാണ് മൊത്തം നീളം. കിഫ്ബി വഴി 3500 കോടി രൂപയാണ് മലയോര ഹൈവേയുടെ നിര്‍മാണത്തിന് നീക്കിവച്ചിട്ടുള്ളത്. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് മലയോര ഹൈവേ. പല റീച്ചുകളിലായി പുരോഗമിക്കുന്ന പാത കോഴിക്കോട് ജില്ലയില്‍ വയനാട് അതിര്‍ത്തിയായ വിലങ്ങാട് നിന്നാരംഭിച്ച് കല്ലാച്ചി, തൊട്ടില്‍പ്പാലം, മലപുറം, അമ്പായത്തോട്, കോടഞ്ചേരി, ഇലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കല്‍, കൂടരഞ്ഞി, കൂമ്പാറ, അകംപുഴ, കക്കാടംപൊയില്‍, അകമ്പാടം വഴി നിലമ്പൂരിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ ജില്ലാ അതിര്‍ത്തി വരെയുള്ള 33.60 കിലോമീറ്റര്‍ ദൂരംവരുന്ന പദ്ധതിക്ക് ജൂണ്‍ രണ്ടിന് ചേര്‍ന്ന കിഫ്ബിയുടെ ഡയരക്ടര്‍ ബോഡ് 144 കോടി രൂപയുടെ ഡി.പി.ആറിന് അനുമതി നല്‍കി.
നിലവിലുള്ള വിവിധ റോഡുകള്‍ യോജിപ്പിച്ചാണ് പാത വികസിപ്പിക്കുന്നത്. നിര്‍ദിഷ്ട പാതയില്‍ അധിക സ്ഥലത്തും നിലവില്‍ റോഡുള്ളതോ സ്ഥലംവിട്ടു കിട്ടിയതോ ആണ്. കൂമ്പാറ, അകംപുഴ, കക്കാടംപൊയില്‍ റൂട്ടില്‍ ആറര കിലോമീറ്ററോളം മാത്രമാണ് റോഡില്ലാത്തത്. നിലവിലെ വീതി 12 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് ഇരുവശങ്ങളിലുമുള്ള ഭൂവുടമകള്‍ സൗജന്യമായാണ് ഭൂമി വിട്ടുനല്‍കുന്നത്. റോഡ് നിര്‍മാണത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കുമ്പോള്‍ പൊളിച്ചുമാറ്റേണ്ടിവരുന്ന മതിലുകള്‍ അതേരീതിയില്‍ പുനര്‍ നിര്‍മിച്ചുനല്‍കും. അതിനുള്ള ചെലവ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ നിര്‍മാണം
റോഡിന്റെ അടിത്തറയിലെ മണ്ണിന് വേണ്ടത്ര ഭാരദ്വഹനശേഷിയില്ലാത്തതിനാല്‍ കൂടുതല്‍ കനത്തില്‍ ഫൗണ്ടേഷന്‍ വരുമെന്നും അതിനായി കൂടുതല്‍ കരിങ്കല്‍ ഖനനം വേണ്ടിവരുമെന്നും കണ്ടെത്തിയതിനാല്‍ പ്രകൃതിജന്യ വിഭവങ്ങള്‍ ഉപയോഗിച്ച് സോയില്‍ ദൃഢീകരണം നടത്തി മണ്ണിന് വേണ്ടതായ ഉറപ്പുവര്‍ധിപ്പിക്കാനുള്ള പുതിയ വിദ്യ ഉപയോഗപ്പെടുത്തും. അതിനായി കുമ്മായം, കയര്‍ ഭൂവസ്ത്രം എന്നിവ ഉപയോഗിക്കും. അതുവഴി കരിങ്കല്‍ വിഭവങ്ങളുടെ ഉപയോഗം ഗണ്യമായി കുറക്കാന്‍ കഴിയും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ഭാഗമായി നാലു കിലോമീറ്റര്‍ പ്ലാസ്റ്റിക് റോഡ് നിര്‍മിക്കും. കൂടുതല്‍ സ്ഥലം ലഭ്യമാകുന്നിടത്ത് പാതക്കിരുവശത്തും ഫലവൃക്ഷങ്ങളും പൂമരങ്ങളും വച്ചുപിടിപ്പിക്കും. ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ വിശ്രമിക്കുന്നതിനുള്ള പുല്‍ത്തകിടികളും ബഞ്ചും സ്ഥാപിക്കും.
ഈ പദ്ധതിക്ക് വേണ്ടി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കിയത് പൊതുമരാമത്ത് റോഡ് വിഭാഗം തിരുവമ്പാടി സെക്ഷനിലെ അസി. എന്‍ജിനീയര്‍ സുരേഷ് ബാബു സി.കെയാണ്. സാങ്കേതികാനുമതിയും ടെന്‍ഡറും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്രയും വേഗത്തില്‍ ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."