നവീകരിച്ച റോഡുകളും തകരുന്നു
മാനന്തവാടി: കോടികള്‍ മുടക്കി മഴക്കാലത്തിന് മുമ്പായി നവീകരിച്ച പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത് റോഡുകള്‍ മഴക്കാലത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ടില്ല. മഴ ആരംഭിച്ചതോടെ വെള്ളം ഒഴുകി പോകാന്‍ ഓവുചാലുകള്‍ നിര്‍മിക്കുകയോ നവീകരിക്കുകയോ ചെയ്യാത്തതിനാല്‍ വെള്ളം കെട്ടി നിന്ന് റോഡുകള്‍ തകര്‍ന്ന് തുടങ്ങി.
രണ്ട് വര്‍ഷമായി ജില്ലക്ക് പൊതുമരാമത്ത് വകുപ്പ് അനുവദിക്കുന്ന ഫണ്ടിലെ കുറവും യഥാസമയം പ്രവൃത്തികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാവാത്തതുമാണ് റോഡുകളുടെ തകര്‍ച്ചക്കും സര്‍ക്കാരിന് കോടികളുടെ ധന നഷ്ട്ടത്തിനും ഇടയാക്കുന്നത്.
ജില്ലയില്‍ പൊതുമരാമത്ത് കീഴിലെ മൂന്ന് സബ്ഡിവിഷന് കീഴിലായി 1024 കിലോമീറ്റര്‍ റോഡാണുള്ളത്. റോഡിന്റെ വശങ്ങളിലേക്കുള്ള കാട് വെട്ട്, കുഴികളടക്കല്‍, വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഓവുചാലുകള്‍ നവീകരിക്കല്‍ തുങ്ങിയ പ്രവൃത്തികള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷമായി അനുവദിക്കുന്നത് ഒരു കോടി രൂപ മാത്രമാണ്. മുന്‍ കാലങ്ങളില്‍ ജില്ലക്ക് കുടുതല്‍ തുക അനുവദിച്ചിരുന്നു. ഇത് പ്രകാരം വര്‍ഷത്തില്‍ രണ്ട് തവണ റോഡരികിലെ കാട് വെട്ടാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രവൃത്തികളില്‍ അഴിമതികള്‍ നടക്കുന്ന പരാതികളെ തുടര്‍ന്ന് ഫണ്ടില്‍ ഗണ്യമായ കുറവ് വരുത്തുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും റോഡ് ഒഴിവാക്കപ്പെട്ടതോടെ അനുവദിക്കുന്ന തുക എങ്ങുമെത്താത്ത സ്ഥിതിയാണ്. ഈ വര്‍ഷം കഴിഞ്ഞ മാസാവസാനമാണ് ഫണ്ടനുവദിച്ചത്. ജൂണ്‍ 20നാണ് കരാര്‍ നല്‍കിയത്. പല സെഷനുകളിലും ഇതുവരെയും കരാര്‍ ഒപ്പിട്ട് കഴിഞ്ഞിട്ടില്ല. മഴയെത്തുമെന്ന് ഉറപ്പുണ്ടായിട്ടും പ്രവൃത്തികള്‍ വൈകിപ്പിച്ചത് കാരണം കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം പുര്‍ത്തിയാക്കിയ റോഡുകള്‍ പോലും തകര്‍ച്ചയുടെ വക്കിലാണ്. ഒരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ച് പുനര്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ റോഡുകള്‍ സംരക്ഷിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ ഒരു തുകയും വകയിരുത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."