സഊദി-ഒമാന്‍ രാജ്യാന്തര പാത ഉടന്‍ യാഥാര്‍ഥ്യമാകും
ദമാം : ജി സി സി യിലെ പ്രധാന രാജ്യങ്ങളായ സഊദിയെയും ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രാജ്യാന്തര പാത ഉടന്‍ യാഥാര്‍ഥ്യമാകും. 726 കിലോമീറ്റര്‍ നീളമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. 566 കിലോമീറ്റര്‍ നീളത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗം സഊദിയിലൂടെ കടന്നു പോകുന്ന പാതയുടെ ഒട്ടു മിക്ക ജോലികളും ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
കൂടുതല്‍ ഭാഗം മരുഭൂമിയില്‍ കൂടി കടന്നു പോകുന്ന റോഡിന്റെ ഹറാദ –ബാദ റോഡ് മുതല്‍ അല്‍ ശിബ എണ്ണപ്പാടം വരെയുള്ള ആദ്യ ഭാഗത്തിന് 319 കിലോമീറ്റര്‍ നീളവും അവിടെനിന്നും ഒമാന്‍ അതിര്‍ത്തി വരെയുള്ള ഭാഗത്തിന് 247 കിലോമീറ്ററുമാണ് നീളം .
നിര്‍ദിഷ്ട റോഡ് ഹഫീതില്‍ നിന്നും വാദി സാ വരെയുളള 52 കിലോമീറ്റര്‍ ദൂരം ഒറ്റവരിപ്പാതയും പിന്നീടങ്ങോട്ട് ഇരട്ടവരിപ്പാതയുമായിരിക്കും. റോഡിന്റെ 45 കിലോമീറ്റര്‍ ദൂരം രാജ്യാന്തര അതിര്‍ത്തികള്‍ മറികടക്കുന്നതായതിനാല്‍ ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ ഒമാനില്‍ നിന്ന് സഊദിയിലേക്ക് യു എ ഇ വഴി 1324 കിലോമീറ്റര്‍ ദൂരം 18 മണിക്കൂറോളം യാത്ര ചെയ്താണ് എത്തിച്ചേരാണ് കഴിയുക. ഇതാണ് വെറും 726 കിലോമീറ്ററായി ചുരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ എംപ്റ്റി ക്വാര്‍ട്ടര്‍ (റുബുഉല്‍ ആലി) ഉം കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സ്ഥലത്തിലൂടെ തികച്ചും ദുഷ്‌കരമായ രീതിയെ പ്രധിരോധിച്ചാണ് റോഡ് പണി പൂര്‍ത്തിയാക്കുന്നത്. അതിനാലാണ് ഇതിനു 'അദ്ഭുത എഞ്ചിനീയറിങ് വൈഭവം' എന്ന പേര് തന്നെയിട്ടത്. ഓരോ പതിനഞ്ചു ദിവസത്തിലും ജോലിക്കാരെ മാറ്റി മാറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
2006 ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ റോഡ് മാര്‍ഗ്ഗം കടക്കാനുള്ള പാത നിര്‍മ്മിക്കാന്‍ ആലോചന തുടങ്ങിയത്. 566 കിലോമീറ്റര്‍ സഊദിയുടെ ഭാഗത്താണെങ്കില്‍ ഒമാനില്‍ 160 കിലോമീറ്റര്‍ ദൂരമാണ് ഈ രാജ്യാന്തര പാതയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതോടെ കുവൈത്ത് ,ബഹറിന്‍,ഖത്തര്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക് വരെ റോഡ് മാര്‍ഗ്ഗം സഊദി വഴി ഒമാനിലെത്താന്‍ കഴിയും. ടൂറിസം രംഗത്ത് ഇതുകുതിച്ചു ചാട്ടത്തിനു വഴിവെക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."