അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൃക്കാക്കരയിലെ അങ്കണവാടികള്‍
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലുള്ള പല അങ്കണവാടികളുടെയും അവസ്ഥ ലേബര്‍ ക്യാംപുകളിലും ദയനീയം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ദയനീയ കാഴ്ചയാണ് കാണുവാന്‍ സാധിച്ചത്. ആകെ 59 അങ്കണവാടികളില്‍ സ്വന്തമായി കെട്ടിടങ്ങള്‍ ഉള്ളത് 23 എണ്ണം മാത്രമാണുള്ളത്. ബാക്കിയുള്ള 36 എണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്വന്തം കെട്ടിടങ്ങളില്‍ ഐ.സി.ഡി.എസ് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ ഒരു സൗകര്യവും ചെയ്തുകൊടുക്കുവാന്‍ തയ്യാറാകുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
കാക്കനാട് അത്താണി കീരേലി പൊതുശ്മശാനത്തിനടുത്തുള്ള സര്‍ക്കാര്‍ കെട്ടിടത്തില്‍ എല്ലാ ശുചിത്വവും പാലിച്ചുകൊണ്ട് അങ്കണവാടി പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ടടുത്ത് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ അവസ്ഥ ദുരിതമാണ്. ഒറ്റ കുടുസുമുറി ഷെട്ടില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആറോളം ചെറിയ കുട്ടികളാണ് പഠിക്കുന്നത്.
പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പോലും ബാത്‌റൂം സൗകര്യങ്ങള്‍ ഇല്ലാത്തതും കുടിവെള്ളമോ വൈദ്യുതിയും ഇല്ലാത്തതും ദയനീയ അവസ്ഥയാണ്. അങ്കണവാടികളിലെ ഭക്ഷണധാന്യങ്ങള്‍ പോലും പൊതുനിരത്തില്‍ പുല്ലു പായയില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന നിലയിലാണ് കണ്ടത്. ഡെങ്കിപ്പനിയും മറ്റും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയാണ് ഇത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിന് നാലായിരം രൂപയോളം വാടക ചെലവ് വരുന്നതിനാലാണ് ഇതുപോലുള്ള ഷെട്ടുകളില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാന്‍ കഴിഞ്ഞത്. വാടകയിനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിമാസ വാടക 750 രൂപയാണ്. അതും മൂന്നുമാസം കൂടുമ്പോഴാണ് ഐ.സി.ഡി.എസ്സില്‍ നിന്നും കിട്ടുന്നത് ഈ അവസ്ഥയില്‍ ആരും കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുക്കുവാന്‍ താല്‍പര്യം കാണിക്കുന്നില്ല.
പല സ്ഥലങ്ങളിലേയും ഭീമമായ വാടക അങ്കണവാടി വര്‍ക്കേഴ്‌സ് അവരുടെ പ്രതിമാസം ശമ്പളത്തില്‍ നിന്നും കൊടുക്കേണ്ട അവസ്ഥയിലാണ്. ഇതുമൂലം ഇവരുടെ കുടുംബവും വിഷമാവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം എന്‍.ജി.ഒ കോട്ടേഴ്‌സിനു സമീപം രാജീവ് ദശലക്ഷം പാര്‍പ്പിട കോളനിയിലെ 33ാം നമ്പര്‍ അങ്കണവാടിയില്‍ അബിത എന്ന ബാലികയുടെ തലയില്‍ ഫാന്‍ വീണ് പരുക്ക് പറ്റുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കുട്ടിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ പല അങ്കണവാടികളും സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."