അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തിലും കൈക്കൂലി അടക്കം അഴിമതി ആരോപണങ്ങളിലും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെയും മുന്‍ മലപ്പുറം എസ്.പി എസ്. സുജിത് ദാസിനുമെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഉത്തരവിറങ്ങി. ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന് ഒറ്റ ഉത്തരവാണിറക്കിയത്.
വിജിലന്‍സ് മേധാവിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിലെ അംഗങ്ങളെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത ഇന്ന് പ്രഖ്യാപിച്ചേക്കും.
അജിത്കുമാര്‍ ക്രമസമാധാന ചുമതലയുള്ള പദവിയില്‍ തുടരുന്നതിനിടെയാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവ് വന്നിരിക്കുന്നത്. അന്വേഷണം വേണമെന്ന ഡി.ജി.പിയുടെ ശിപാര്‍ശ ദിവസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അജിത് കുമാറിനെതിരെ അഞ്ചും സുജിത് ദാസിനെതിരെ മൂന്നും വിഷയങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.
അജിത്കുമാര്‍ നഗരമധ്യത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി വാങ്ങിയതും ഇവിടെ ആഡംബര കെട്ടിടം നിര്‍മിക്കുന്നതുമുള്‍പ്പെടെ വിഷയങ്ങള്‍ അന്വേഷണ പരിധിയിലുണ്ടാകും. അജിത്കുമാര്‍ ആഡംബര വസതി പണിയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലന്‍സിന് എറണാകുളം സ്വദേശി നേരത്തേ പരാതി നല്‍കിയിരുന്നു.
എം.ആര്‍. അജിത്കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എയും ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് സര്‍ക്കാറിന്റെ അന്വേഷണാനുമതി. ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, ഓണ്‍ലൈന്‍ ചാനലുടമയില്‍നിന്ന് ഒന്നരക്കോടി കൈക്കൂലി, ബന്ധുക്കളെ ഉപയോഗിച്ച് സ്വര്‍ണ ഇടപാടുകള്‍, സ്വര്‍ണം പൊട്ടിക്കലിലൂടെ പണമുണ്ടാക്കല്‍ ഉള്‍പ്പെടെ ആരോപണങ്ങളും പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു.
മലപ്പുറം മുന്‍ എസ്.പി സുജിത് ദാസിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും. നിലവില്‍ തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് ഒന്നിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടക്കുന്നുണ്ട്. വൈകാതെ സുജിത്ദാസിന്റെ മൊഴിയെടുക്കും. മരംമുറി പരാതി പിന്‍വലിച്ചാല്‍ ശേഷിക്കുന്ന സര്‍വിസ് കാലത്ത് താന്‍ എം.എല്‍.എക്ക് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നത് സേനക്ക് നാണക്കേടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."