കാസര്‍കോടിനെ ഇരുമുന്നണികളും അവഗണിച്ചു
കാസര്‍കോടുകാര്‍ അതിജീവിക്കുക തന്നെ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലക്കിട്ട ഇരട്ടപ്പൂട്ട് സഹനത്തിന്റെയും ജാഗ്രതയുടെയും താക്കോലുപയോഗിച്ച് തുറക്കുക തന്നെ ചെയ്യും. സ്വയംപര്യാപ്തതയിലേക്കുള്ള നാളുകളായിരിക്കും ഇനി വരാനിരിക്കുന്നത്. അതിന് നിമിത്തമായത് മഹാമാരിയായ കൊവിഡും ആശുപത്രിയിലേക്ക് പോലും കടത്തിവിടാതെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി കാസര്‍കോട് - കര്‍ണാടക അതിര്‍ത്തി അടച്ചിടലുമാണ്.
കാസര്‍കോടുകാര്‍ ജീവിത വ്യവഹാരങ്ങള്‍ക്ക് മംഗളൂരുവിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായി. 1956 വരെ കാസര്‍കോട് തെക്കന്‍ കര്‍ണാടക ജില്ലയുടെ ഭാഗമായിരുന്നു. അന്ന് കാസര്‍കോടിന്റെ പ്രധാന നഗരം എന്നുപറയുന്നത് മംഗളൂരുവായിരുന്നു. വിമാനത്താവളം, തുറമുഖം, ആരോഗ്യകേന്ദ്രം, വ്യവസായകേന്ദ്രം എന്നിവയെല്ലാം അവിടെയായിരുന്നു. മെഡിക്കല്‍ കോളജുകളും മറ്റ് ആശുപത്രികളും മംഗളൂരുവില്‍ സ്ഥാപിച്ചു. തൊട്ടപ്പുത്ത് ഈ സൗകര്യങ്ങളുണ്ടായതിനാല്‍ കാസര്‍കോടിന്റെ കുറവുകളെ വലിയ പ്രതിസന്ധിയായി അന്ന് ആരും കണ്ടിരുന്നില്ല. ഐക്യകേരളത്തിന്റെ പിറവിയോടെ കാസര്‍കോട് കേരളത്തിന്റെ ഭാഗമായി. പിന്നീട് കാസര്‍കോട് ജില്ല പിറന്നു.
ആരോഗ്യ, വ്യവസായിക, വിദ്യാഭ്യാസ രംഗങ്ങളില്‍ മറ്റു ജില്ലകളെ പോലെ കാസര്‍കോടിനെ മാറിമാറി വന്ന സര്‍ക്കാറുകള്‍ പരിഗണിച്ചില്ല. അയിത്ത മനോഭാവം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടായിരുന്നു. കാസര്‍കോട് കെ.എസ് അബ്ദുല്ല ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനായി പരിശ്രമം നടത്തിയിരുന്നു. സീതാംഗോളിയില്‍ ഇതിന് ആവശ്യമായ സൗകര്യങ്ങളൊരുക്കി. എന്നാല്‍, അംഗീകാരത്തിനായി ഏറെ ശ്രമിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചില്ല. ആദ്യം ആശുപത്രി നിര്‍മിക്കണമെന്ന് പറഞ്ഞാണ് അംഗീകാരം നല്‍കാതിരുന്നത്. പിന്നീട് മാലിക്ക് ദീനാര്‍ ആശുപത്രി അതിനായി സൗകര്യപ്പെടുത്തിയെങ്കിലും ആശുപത്രിയും ഉദ്ദേശിക്കുന്ന മെഡിക്കല്‍ കോളജുമായുള്ള ദൂരം കൂടുതലാണെന്ന സാങ്കേതിക കാരണം പറഞ്ഞാണ് അംഗീകാരം നിഷേധിച്ചത്. ഇപ്പോള്‍ മംഗളൂരു ദേര്‍ലക്കട്ട എന്നു പറയുന്ന സ്ഥലത്തിന് പത്ത് കിലോമീറ്ററിനകത്ത് ആറിലധികം മെഡിക്കല്‍ കോളജുകളുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളും പ്രത്യേകിച്ച്, കാസര്‍കോടുകാരും നടത്തുന്നതാണ്. യേനപ്പോയയുടെ പേരില്‍ മെഡിക്കല്‍ കോളജ് മാത്രമല്ല, സര്‍വകലാശാല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മംഗളൂരുവില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയവരോട് എന്തുകൊണ്ട് നിങ്ങള്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് തുടങ്ങുന്നില്ലായെന്ന ചോദ്യത്തിന് അവരില്‍ നിന്ന് കിട്ടുന്ന മറുപടി കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ സങ്കീര്‍ണമല്ലായെന്നാണ്. കേരളത്തില്‍ അത്തരം മെഡിക്കല്‍ കോളജ് തുടങ്ങാനാഗ്രഹിച്ച് മുന്നോട്ടുവന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. അതാണ് കാസര്‍കോടിനെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിലെത്തിച്ചത്.
കര്‍ണാടകയിലെ മെഡിക്കല്‍ കോളജുകളിലെ വിദ്യാഭ്യാസ നിലവാരം കുറവാണെന്നാണ് കേരളം ആരോപിക്കുന്നത്. എന്നാല്‍ ഇവിടെയുള്ള മെഡിക്കല്‍ കോളജുകളില്‍ പഠിച്ച് ബിരുദവും വിരുദാനന്തരബിരുദവും നേടിയവരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്യുന്നത്. മലബാറിലെ ഭൂരിഭാഗം രോഗികളും പ്രത്യേകിച്ച്, കാസര്‍കോട് ജില്ലക്കാര്‍ മംഗളൂരുവിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇവിടെയുള്ള വിമാനത്താവളം ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് മറച്ചുവയ്ക്കാന്‍ കഴിയാത്ത സത്യമാണ്. മംഗളൂരുവിന്റെ വികസനത്തില്‍ മലയാളികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ സ്‌നേഹം മലയാളികളോട് കര്‍ണാടക ഒരു കാലത്തും തിരിച്ചുകാണിച്ചിരുന്നില്ല.
സ്‌ട്രോക്ക് വന്ന രോഗിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചാല്‍ സുഖപ്പെടും. കാസര്‍കോടുള്ള അത്തരം രോഗിയെ ജില്ലയിലെ ആശുപത്രിയിലെത്തിച്ചാല്‍ ഡോക്ടര്‍ മംഗളൂരുവിലെത്തിക്കാന്‍ പറയും. കാസര്‍കോട് നിന്ന് ഒരു മണിക്കൂറില്‍ താഴെ ദൂരമാണ് ഇവിടെയെത്താന്‍ ആവശ്യമുള്ളത്. അപ്പോഴേക്കും ഡോക്ടര്‍ മംഗളൂരുവിലെ ഡോക്ടറെ വിളിച്ച് അനിവാര്യമായ ഏര്‍പ്പാടുകള്‍ ചെയ്യും. എന്നാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഈ സൗകര്യങ്ങള്‍ ഒരുക്കാവുന്നതേയുള്ളൂ. നഗരസഭയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കാസര്‍കോട് താലൂക്ക് ആശുപത്രി പിന്നീട് ജനറല്‍ ആശുപത്രിയായി മാറ്റിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലായി. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ആശുപത്രിയില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മുന്നോട്ടു വരുകയോ ആശുപത്രിയെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല.
എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ജില്ലയിയില്‍ ഒരു മെഡിക്കല്‍ കോളജ് വേണമെന്ന ആഗ്രഹത്തോടെയാണ് കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം തുടങ്ങിയത്. വര്‍ഷങ്ങള്‍ ഇഴഞ്ഞു നീങ്ങിയ നിര്‍മാണത്തിനൊടുവില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് നിര്‍മിച്ചിട്ടുണ്ട്. അവിടെയാണ് ഈ മഹാമാരിയുടെ കാലത്ത് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുമെന്ന് പറയുന്നത്. അവിടെ ഔട്ട് പേഷ്യന്റ് യൂനിറ്റ് തുടങ്ങുകയോ, ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. കൊറോണ ദുരന്തം അഴിഞ്ഞാടിയ കാസര്‍കോട് സമൂഹവ്യാപനം തടയാന്‍ 1500 പൊലിസുകാരെ നിയമിക്കുമ്പോള്‍ ഇവിടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ വിദഗ്ധര്‍ എന്നിവരുടെ ഒഴിവുകളെത്രയെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുപോലുമുണ്ടാകില്ല. ഇന്നും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് പാരാ മെഡിക്കല്‍ ജീവനക്കാരുടെയും നിരവധി ഒഴിവുകളുണ്ട്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് സെപറേഷന് വേണ്ടി മെഷീനും ജനറേറ്ററും അനുവദിച്ചിരുന്നു. ജനറേറ്റര്‍ ജില്ലക്ക് പുറത്തേക്ക് കടത്തിക്കൊണ്ടുപോയി. വര്‍ഷങ്ങളോളം ആശുപത്രിയില്‍ വിശ്രമിച്ച മെഷീന്റെ പുറം കവര്‍ പോലും തൊട്ടുനോക്കാതെ എലികള്‍ പെറ്റുപെരുകാനുള്ള സ്ഥലമായി മാറി. ജനറല്‍ ആശുപത്രിക്ക് വേണ്ടി ഒരു വലിയ കെട്ടിടമുണ്ടാക്കി. ലിഫ്റ്റ് വഴിയാണ് അതിന്റെ മുകളിലേക്ക് കയറേണ്ടത്. ഈ ലിഫ്റ്റ് ഒരിക്കലും വര്‍ക്ക് ചെയ്യാറില്ല. ഒരു ദിവസം നന്നാക്കി കഴിഞ്ഞാല്‍ 15 ദിവസം പ്രവര്‍ത്തിക്കാതിരിക്കും. ലോകത്ത് തന്നെ റാമ്പ് ഇല്ലാത്ത ഏഴുനില ആശുപത്രി കെട്ടിടം കാസര്‍കോട് ജനറല്‍ ആശുപത്രിയായിരിക്കും. ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ മുകളിലത്തെ നിലയിലെ വാര്‍ഡില്‍ നിന്ന് ആരെങ്കിലും മരിക്കാനിടയായാല്‍ മൃതദേഹം ചുമലിലേറ്റി താഴത്തേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണ്. പ്രസവം കഴിഞ്ഞ സ്ത്രീയെ ചക്ര കസേരയിലിരുത്തി റാമ്പിലൂടെ ഇറക്കി കൊണ്ടുവരാന്‍ കഴിയില്ല. എടുത്തുകൊണ്ട് മുകളില്‍ നിന്ന് താഴേക്ക് വരേണ്ട ഗതികേടും ആശുപത്രിക്ക് മാത്രം സ്വന്തമാണ്. സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ അന്നുമുതല്‍ ഇന്നുവരെ സ്വീകരിച്ച അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
കാസര്‍കോടുകാര്‍ ഇതുവരെ കണ്ണുതുറക്കാതിരുന്നത് ഞങ്ങള്‍ക്ക് തൊട്ടപ്പുറത്ത് മംഗളൂരുവില്‍ സൗകര്യങ്ങളുണ്ടെന്ന കാരണത്താലാണ്. മംഗളൂരുവില്‍ എത്തിയാല്‍ കോഴിക്കോട് ആശുപത്രികളില്‍ ചെലവാകുന്നതിന്റെ ഇരുപത് ഇരട്ടി തുകയാണ് രോഗിയില്‍ നിന്ന് ഈടാക്കുന്നത്. കൊറോണ വൈറസില്‍ ജില്ലയില്‍ ആരും മരിച്ചിട്ടില്ല. എന്നാല്‍ കര്‍ണാടക അതിര്‍ത്തി അടച്ചിട്ടതിനാല്‍ ഏഴ് പേര്‍ ചികിത്സ കിട്ടാതെ മരിച്ചു. കൊറോണയെക്കാള്‍ വലിയ രോഗമാണ് കര്‍ണാടക സര്‍ക്കാരിനുള്ളത്. മംഗളൂരുവില്‍ സ്ഥിരമായി ചികിത്സതേടുന്നവരെ തടഞ്ഞാണ് അതിര്‍ത്തി അടച്ചിടുന്നത്.
കാസര്‍കോട് ഒരു കാര്‍ഡിയോളജിസ്‌റ്റോ, നല്ല ഓര്‍ത്തോ സ്‌പെഷലിസ്റ്റോ ഇല്ല. ജില്ലയില്‍ ഏതെങ്കിലും ആശുപത്രിയില്‍ രോഗിയെ എത്തിച്ചാല്‍ ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറാകില്ല. ഇനി ഏതെങ്കിലും ഡോക്ടര്‍ രോഗിയുടെ പൂര്‍ണ ചികിത്സ ഏറ്റെടുത്താല്‍ തന്നെ പല ടെസ്റ്റുകള്‍ക്കും കര്‍ണാടകയെ ആശ്രയിക്കേണ്ടി വരും. ഇതാണ് പലരും മംഗളൂരുവിനെ ആശ്രയിക്കുന്നത്. ഇതിനെല്ലാം കാരണക്കാര്‍ മാറിമാറി കേരളം ഭരിച്ചിരുന്ന മുന്നണികളാണ്. ഈ കൊറോണക്കാലം അധികൃതരുടെയും കാസര്‍കോടുകാരുടെയും കണ്ണുതുറപ്പിക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തരിശു ഭൂമിയുള്ളത് കാസര്‍കോട് ജില്ലയിലാണ്. എന്നാല്‍ ഒരു വ്യവസായം ഇവിടെ തുടങ്ങുന്നില്ല. കേന്ദ്രസര്‍വകലാശാല വന്നത് തന്നെ മറ്റെവിടെയും സ്ഥലമില്ലാത്തത് കൊണ്ട് മാത്രമാണ്. ജില്ലയില്‍ തരിശായി കിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്താന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വന്നില്ലാ എന്നതാണ് സത്യം. കാസര്‍കോട് സ്വയം പര്യാപ്തമാകണം, സര്‍ക്കാര്‍ മേഖലയില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളുണ്ടാകണം, മെഡിക്കല്‍ കോളജുകള്‍ വരണം, വ്യവസായം വരണം, വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുണ്ടാകണം. അതിലുപരി സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളജടക്കമുള്ള ആശുപത്രികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സാങ്കേതിക നടപടികള്‍ ഉദാരമാക്കണം. എല്ലാ കാര്യങ്ങള്‍ക്കും മംഗളൂരുവിനെ ആശ്രയിക്കുന്ന അവസ്ഥയില്‍ മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."