ആവേശം വിതറി മഴ നടത്തം; രാമക്കല്‍മേട്ടില്‍ ഉത്സവമേളം
നെടുങ്കണ്ടം: ആവേശഭരിതരായി വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. ജില്ലയിലെ മണ്‍സൂണ്‍ ടൂറിസത്തിന് കരുത്ത് പകര്‍ന്ന് രാമക്കല്‍മേട്ടില്‍ സംഘടിപ്പിച്ച മണ്‍സൂണ്‍ വോക്ക് ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.
ഡി.റ്റി.പി.സി ,സ്പ്ലാഷ് വോയേജസ്, രാമക്കല്‍മേട് ടൂറിസം ഡവലപ്‌മെന്റ് സൊസൈറ്റി തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഴനടത്തം 27 അടി ഉയരമുള്ള കുറവന്‍ കുറത്തി പ്രതിമയെ സാക്ഷി നിര്‍ത്തി കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തംഗം ബിജിമോള്‍ വിജയന്‍, കരുണാപുരം ഗ്രാമപഞ്ചായത്തംഗം പി.എസ് ഷംസുദീന്‍, നെടുങ്കണ്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. ബാബുക്കുട്ടന്‍, ഡി.റ്റി.പി.സി സെക്രട്ടറി കെ.വി ഫ്രാന്‍സിസ്, വിവിധ രാഷ്ട്രീയ, സാമൂഹ്യ സന്നദ്ധസംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ പത്ത് മണിക്ക് രാമക്കല്‍മേട് ബേസ് ക്യാംപില്‍ നിന്ന് ആരംഭിച്ച മഴനടത്തം രണ്ട് സംഘങ്ങളായി ആമക്കല്ലിലേക്കും സൂചിമലയിലേക്കും യാത്ര നടത്തി. നാല് കിലോമീറ്ററോളം നടന്നാണ് ഇരു സംഘങ്ങളും മഴനടത്തം പൂര്‍ത്തിയാക്കിയത്. പങ്കെടുത്തവര്‍ക്ക് ചുക്കു കാപ്പിയും, നാടന്‍പുഴുക്കും, കാന്താരിമുളക് ചമ്മന്തി തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 250 ഓളം പേര്‍ മഴനടത്തത്തില്‍ പങ്കാളികളായി. മഴനടത്തത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."