റോഡ് സുരക്ഷ; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഉത്തരവ്
മാനന്തവാടി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ സേഫ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
10 ആര്‍.ടി.ഒമാരെയും 65 എം.വി.ഐമാരെയും 187 എ.എം.വി.ഐമാരെയുമാണ് പുതുതായി നിയമിക്കുന്നത്. സേഫ് കേരള പദ്ധതിക്കായി രൂപീകരിക്കുന്ന സ്‌ക്വാഡുകള്‍ക്ക് വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം കരാര്‍ അടിസ്ഥാനത്തിലേറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
2020 ഓടെ വിനോദസഞ്ചാരികള്‍ക്കും എല്ലാ കേരളീയര്‍ക്കും സുരക്ഷിതവും തടസ്സരഹിതവുമായ യാത്രാസൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 126 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രൂപരേഖ തയാറാക്കി സമര്‍പ്പിച്ചത്.
ഇതില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് 46.58 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 14 ജില്ലകളിലായി 51 സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുക.
നിലവിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാര്‍ക്ക് പുറമെ ഓരോ ജില്ലയിലും മൂന്ന് പേര്‍ വീതം ക്ലറിക്കല്‍ ജോലിക്കായി നിയമിക്കണമെന്ന കമ്മിഷണറുടെ നിര്‍ദേശത്തിന് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല.
കണ്‍ട്രോള്‍ റൂമുകളിലേക്ക് പുറം കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."