സീസണിലെ അവസാന ആഡംബര കപ്പലും തീരത്തെത്തി
വിഴിഞ്ഞം: ഈ സീസണിലെ അവസാനത്തെ ആഡംബര കപ്പലും വിഴിഞ്ഞത്തെത്തി. കോവളം എന്ന മനോഹര തീരം കാണാന്‍ അടുത്ത സീസണിലും എത്താമെന്ന പ്രതീക്ഷ നല്‍കിയാണ് ജലഭീമനായ ആഡംബര കപ്പല്‍ ഐലന്റ് സ്കൈ ഇന്നലെ മടങ്ങിയത്. തുച്ഛമായ സഞ്ചാരികളുമായി ഈ സീസണിലെ മൂന്നാമത്തെ സന്ദര്‍ശനവും പൂര്‍ത്തിയാക്കിയായിരുന്നു മടക്കം.
കൊളംബോയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് 56 സഞ്ചാരികളും 73 പരിചാരകരുമായി വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഉച്ചക്ക് ഒരു മണിയോടെ വിഴിഞ്ഞം തുറമുഖത്തെ പഴയ വാര്‍ഫില്‍ നങ്കൂരമിട്ട ആഡംബര കപ്പലിനെ സ്വീകരിച്ച എമിഗ്രേഷന്‍ എസ്.ഐ രാജു, കസ്റ്റംസ് സൂപ്രണ്ട് ശോഭന്സിന്ധു, പോര്‍ട്ട് പര്‍സര്‍ അനിത സി. നായര്‍, വാര്‍ഫ് സൂപ്പര്‍വൈസര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
തുടര്‍ന്ന് പുറത്തിറങ്ങിയ സഞ്ചാരികള്‍ തീരവും നഗരകാഴ്ചകളും കണ്ട് മടങ്ങിയെത്തിയതോടെ വൈകിട്ട് ആറിന് കപ്പല്‍ കൊച്ചി ലക്ഷ്യമാക്കി യാത്ര തിരിച്ചു. മുന്‍വര്‍ഷങ്ങളില്‍ ലോകം ചുറ്റുന്ന വിദേശ വിനോദ സഞ്ചാരികളുമായി വിഴിഞ്ഞം തീരത്തടുത്തിരുന്ന ആഡംബര കപ്പലുകളില്‍ പലതും ഇത്തവണ എത്തിയിരുന്നില്ല. കപ്പലിലെത്തുന്ന വിനോദ സഞ്ചാരികള്‍ കൈയൊഴിഞ്ഞ വിഴിഞ്ഞത്തിന് ഉണര്‍വേകാന്‍ ഇക്കുറി ആകെയെത്തിയത് സില്‍വര്‍ ഡിസ്കവറര്‍ എന്ന കപ്പലും ഐലന്റ് സ്കൈയും മാത്രമാണ്. ഒക്ടോബര്‍ മുതല്‍ മെയ് അവസാനം വരെ നീണ്ടു നില്ക്കുന്ന വിനോദസഞ്ചാര സീസണില്‍ ഇത്തവണ ഐലന്റ്റ് സ്കൈ മൂന്ന പ്രാവശ്യമാണ് വിഴിഞ്ഞത്തെത്തിയത്. അടുത്ത സീസണില്‍ കൂടുതല്‍ ആഡംബര കപ്പലുകള്‍ വിഴിഞ്ഞത്തെത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."