ഓലാടംകുന്നിലെ തെളിനീര്‍ തൊണ്ടവറ്റുന്നവര്‍ക്ക് ആശ്രയം
കണ്ണൂര്‍: സൂര്യന്‍ ഉച്ചിയിലെത്തുമ്പോള്‍ ജീവജാലങ്ങള്‍ക്കെല്ലാം തൊണ്ട വറ്റും. ഒരിറ്റ് തെളിനീരാണ് പിന്നെ വേണ്ടത്. എന്നാല്‍ പലയിടങ്ങളിലും വേനല്‍ കനത്ത് വെള്ളം വറ്റുമ്പോള്‍ ഓലാടംകുന്നുകാര്‍ക്ക് ആശങ്കയില്ല. എന്നും ഓലാടംകുന്നുകാരുടെ ഈ ജല പ്രവാഹം ഇവിടെയുണ്ടാകും, അണ മുറിയാതെ. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്-മൂന്നുനിരത്ത് റോഡരികിലാണ് ആര്‍ക്കും എപ്പോഴും ദാഹമകറ്റി ഓലാടംകുന്ന് നീരുറ സ്ഥിതിചെയ്യുന്നത്.
പതിറ്റാണ്ടുകളായി നാട്ടുകാരുടെ ദാഹമകറ്റുന്ന ഇവിടെനിന്ന് ഒരു മിനുറ്റ് കൊണ്ട് ഒരു ലിറ്റര്‍ വെള്ളം ശേഖരിക്കാം. കറിങ്കല്‍ പാറയിലൂടെ ധാരയായി വീഴുന്നതിനാലാകണം ഈ തണുപ്പ്. ഓലാടംകുന്നിലെ തെളിനീര്‍ പ്രവാഹത്തില്‍ മെയ് മാസത്തോടെ കുടിവെള്ളത്തിനായി ആളുകള്‍ എത്തും. ഈ നിര രാത്രി വൈകിയും ഇവിടെ തുടരും.
മണ്ണിനടിയിലൂടെ നിര്‍മിച്ച കരിങ്കല്‍ പാത്തിയിലൂടെയാണ് വെള്ളം പുറത്തെത്തുന്നത്. ഈ വെള്ളം ഇലക്കുമ്പിള്‍ വച്ച് വേഗതകൂട്ടി ശേഖരിക്കുകയാണ് പതിവ്. മൂന്ന് തലമുറയുടെ ഓര്‍മകളില്‍ ഈ ഉറവ ഇവിടെ ഉണ്ട്. പലര്‍ക്കും ഈ ഉറവയുടെ നിര്‍മാണത്തെകുറിച്ച് ക്രത്യമായ അറിവില്ല. നാട്ടുകാര്‍ക്കു ലഭിച്ച ചെറിയ വിവരങ്ങള്‍ മാത്രമാണ് ഉറവയുടെ നിര്‍മാണത്തെ കുറിച്ചുള്ള അറിവ്. വെള്ളമെത്തുന്ന ഉറവിടം ഇന്നും അക്ഞമാണ്. മഴക്കാലത്തും കടുത്ത വേനലിലും ഒരേ അളവിലാണ് കരിങ്കല്‍ പാത്തിയില്‍ വെള്ളം വീഴുക. അതുകൊണ്ടുതന്നെ വെള്ളം പാഴായി പോകുന്നത് ഇവിടത്തെ ദയനീയ കാഴ്ചയാണ്. ജലം ശേഖരിക്കാന്‍ നേരത്തെ ചെറിയ കുളമുണ്ടായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പ് കുളവും നീരുറവയും പഞ്ചായത്ത് ഏറ്റെടുത്ത് കുടിവെള്ള പദ്ധതി തുടങ്ങി. കുളം നികത്തി പകരം കിണറും പമ്പ് ഹൗസും നിര്‍മിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചു. അപ്പോഴും നീരുറവയില്‍ നിന്നുള്ള വെള്ളം അണമുറയാതെ ഒഴുകി കൊണ്ടിരുന്നു.
എന്നാല്‍ നീരുറവയ്ക്ക് ഭീഷണിയായി അഴീക്കോട്-മൂന്നുനിരത്ത് റോഡിന്റെ ഇരുഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം നടക്കുന്നുണ്ട്. ഭിത്തിനിര്‍മാണം ഉറവയ്ക്ക് സമീപത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു.
കുടിവെള്ളം സംരക്ഷിക്കുന്നതിനുള്ള നാട്ടിന്‍പുറത്തെ ചെറുത്തുനില്‍പ്പായിരുന്നു ഇത്. നിരന്തരം ജെ.സി.ബി കയറി ഇറങ്ങി ഉറവയ്ക്ക് വേഗത കുറഞ്ഞത് ആശങ്കയോടെയാണ് സമീപവാസികള്‍ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."