മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത അച്ഛനെ കുത്തിക്കൊന്ന പ്രതി അറസ്റ്റില്‍
തൊടുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത തമിഴ്‌നാട് സ്വദേശിയെ കുത്തിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി ഭാരതി ബാല (54)യാണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ അയല്‍വാസി കുട്ടപ്പാട്ട് തങ്കച്ചന്‍(55)നെയാണ് ഇന്നലെ ആമയാര്‍ ഇരട്ടപ്പാലത്ത് വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29ന് വൈകിട്ടാണ് കട്ടപ്പന കുന്തളംപാറ അമ്പലപ്പാറയില്‍ തിരുവനന്തപുരം പാറശാല സ്വദേശി ഭാരതി ബാല കുത്തേറ്റുമരിച്ചത്. ഭാരതി ബാലയെ കത്തി ഉപയോഗിച്ച് കുത്തിയ ശേഷം തങ്കച്ചന്‍ ഒളിവില്‍ പോയിരുന്നു. കട്ടപ്പന, വണ്ടന്‍മേട്, നെടുങ്കണ്ടം, കുമളി, ഉപ്പുതറ തുടങ്ങിയ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ ഇരട്ടപ്പാലത്ത് തങ്കച്ചനെ കണ്ടതായുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
ആമയാറില്‍ നിന്നും കമ്പംമെട്ടുവഴി തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതിയെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ പിടികൂടിയ ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷെഡില്‍ എത്തിച്ച് ഭാരതി ബാലയെ കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലിസ് കണ്ടെടുത്തു.
മദ്യ ലഹരിയില്‍ നടന്ന വാക്കുതര്‍ക്കത്തിനൊടുവിലാണ് തങ്കച്ചന്‍ ഭാരതി ബാലയെ കുത്തിയത്. ഭാരതി ബാലയുടെ മകളെ അപമാനിക്കാന്‍ ശ്രമിച്ച കേസിലും പൊലിസ് തങ്കച്ചനെതിരേ കേസെടുത്തിട്ടുണ്ട്. കള്ളത്തടിവെട്ട്, പീഡനം, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ തങ്കച്ചന്‍ മുന്‍പും പ്രതിയായിട്ടുണ്ട്. കട്ടപ്പന സി.ഐ വി.എസ് അനില്‍ കുമാര്‍, എസ്.ഐ റ്റി.സി മുരുകന്‍, വണ്ടന്‍മേട് എസ്.ഐ കെ.വി വിശ്വനാഥന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിനോദ് , ജോഷി അന്വേഷണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."