കാസര്‍കോട് നിന്ന് ആര്‍ക്കൊക്കെ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് പോകാം?- ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോഴിക്കോട്: മംഗളൂരുവിലേക്ക് ചികിത്സയ്ക്കായി വഴി തുറന്നുകൊടുക്കാമെന്ന് കര്‍ണാടക സമ്മതിച്ചിരുന്നു. ഇതിന്റെ ഉത്തരവും ഇപ്പോള്‍ പുറത്തിറങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. കേരളവും കര്‍ണാടകവും തമ്മില്‍ അംഗീകരിച്ച മാര്‍ഗരേഖ ഇന്ന് സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൊണ്ട് വന്നിരുന്നു.
രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ അംഗീകരിച്ച ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കര്‍ണാടക ചീഫ് സെക്രട്ടറി ജാവേദ് അക്തര്‍, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ആയി വരുന്നവര്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് ഇറക്കുകയും ചെയ്തു.
മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ ഇവയാണ്
1. റോഡ് അപകടത്തില്‍ പെടുന്നവര്‍ ഉള്‍പ്പെടെ അടിയന്തര വൈദ്യസഹായം ആവശ്യം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആംബുലന്‍സില്‍ മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകാം.
2. പ്രാദേശിക ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകേണ്ട കാര്യങ്ങള്‍
- രോഗി കൊവിഡ്-19 ബാധിതന്‍ അല്ല. കൊവിഡിന്റെ ലക്ഷണങ്ങള്‍ ഇല്ല.
- അടിയന്തിര വൈദ്യ സഹായം ആവശ്യമാണ്.
- കാസര്‍കോട് ചികിത്സ ഇല്ല. കണ്ണൂരിലേക്ക് കൊണ്ടുപോകാനും കഴിയില്ല.
- ഏത് ആശുപത്രിയിലേക്ക് ആണ് പോകുന്നത് എന്ന് വ്യക്തമാക്കണം.
3. ആംബുലന്‍സ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്നത് പോലെ സാനിറ്റൈസ് ചെയ്യണം.
4. ആംബുലന്‍സില്‍ രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ.
5. ആംബുലന്‍സില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു പാര മെഡിക്കല്‍ ജീവനക്കാരന്‍ മാത്രമേ ഉണ്ടാകൂ.
6. ഈ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നു എന്ന് തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ നില്‍ക്കുന്ന കര്‍ണാടക മെഡിക്കല്‍ സംഘം ഉറപ്പ് വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."