സുപ്രിം കോടതി ഉത്തരവ്: 23 മദ്യശാലകള്‍ക്ക് താഴിട്ടു
മാനന്തവാടി: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളും ബിയര്‍ പാര്‍ലറുകളും അടച്ചു പൂട്ടണമെന്ന സുപ്രിം കോടതി ഉത്തരവോടെ ജില്ലയില്‍ പത്ത് ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും 13 കള്ളുഷാപ്പുകള്‍ക്കും താഴിട്ടു. ബീവറേജസിന്റെ രണ്ട് ഔട്ട് ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു. വൈത്തിരിയിലേത് കല്‍പ്പറ്റ പുഴമുടിയിലേക്കും പനമരത്തേത് സംസ്ഥാന പാതയില്‍ നിന്ന് ഒരു കിലേമീറ്റര്‍ ദൂരത്തേക്കുമാണ് മാറ്റിയത്.
മാനന്തവാടി (രണ്ട്), മീനങ്ങാടി (രണ്ട്), സുല്‍ത്താന്‍ ബത്തേരി (രണ്ട്), കല്‍പ്പറ്റയില്‍ (നാല്) ബിയര്‍ പാര്‍ലറുമാണ് പൂട്ടിയത്. പുല്‍പ്പള്ളിയിലെ ഒരു ബിയര്‍ പാര്‍ലറും വൈത്തിരിയില്‍ ഒരു ബാറും അഞ്ച് ബീവറേജ് ഔട്ട് ലെറ്റുകളും മാത്രമാണ് ഇനി ജില്ലയില്‍ പ്രവര്‍ത്തിക്കുക. അതേ സമയം ആദിവാസികള്‍ ഒരു വര്‍ഷത്തിലധികമായി സമരം ചെയ്യുന്ന മാനന്തവാടി ബീവറേജ് ഔട്ടലറ്റ് സുപ്രീം കോടതി വിധിയുടെ പരിധിയില്‍ വരാത്തതിനാല്‍ പൂട്ടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
സ്വകാര്യ ബീര്‍ വൈന്‍ പാര്ലറുകളാണ്പൂട്ടിയത് മുഴുവനും. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ പരിധിയില്‍ വരുന്ന ജില്ലയിലെ 13 കള്ളുഷാപ്പുകളും ഇനി പ്രവര്‍ത്തിക്കില്ല.
പുതിയ സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മോടിപിടിപ്പിച്ച ബീര്‍ പാര്‍ലറുകള്‍ക്കാണ് സുപ്രീം കോടതി വിധി കനത്ത പ്രഹരമേല്‍പ്പിച്ചത്. അതേസമയം ബീര്‍ പാര്‍ലറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ബീവറേജ് ഔട്ട് ലെറ്റുകള്‍ തുറക്കാനുള്ള നീക്കം അണിയറയില്‍ സജീവമായതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."