ലോക്ക് ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് പ്രധാനമന്ത്രി: ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച
ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ കര്‍ശനനിയന്ത്രണം തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും തീരുമാനം. രാഷ്ട്രീയ കക്ഷിനേതാക്കളുമായുള്ള വിഡിയോ കോണ്‍ഫറന്‍സിലാണ് പരാമര്‍ശങ്ങള്‍.
കൊവിഡിനെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.ലോക്ക്ഡൗണ്‍ ഒന്നിച്ച് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഘട്ടംഘട്ടമായായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുക.
''ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം കേള്‍ക്കും. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഭാഗികമായി നീക്കണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിര്‍ദേശം പരിഗണിക്കുന്നു". പ്രധാനമന്ത്രി വ്യക്തമാക്കി
അതേസമയം, പൊതുഇടങ്ങള്‍ മേയ് 15വരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ.സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്. കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയെടുത്ത് ഉത്തര്‍പ്രദേശ്. ഇന്ന് അര്‍ധരാത്രി മുതല്‍ യുപിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടും. കൊവിഡ് 19 പ്രതിരോധ നടപടികള്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും ജില്ലകള്‍ ഒരു സംസ്ഥാനം പൂര്‍ണ്ണമായി അടയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."