നാലു വര്‍ഷം മുന്‍പ് പണം കവര്‍ന്ന കടയില്‍ വീണ്ടുമെത്തിയ മോഷ്ടാക്കള്‍ പിടിയിലായി
പയ്യോളി: നാലു വര്‍ഷം മുന്‍പ് വ്യാപാരിയെ കബളിപ്പിച്ച് കടയില്‍നിന്നു പണം കവര്‍ന്ന മോഷ്ടാക്കള്‍ വീണ്ടും അതേ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായി. ദേശീയപാതയില്‍ അയനിക്കാട് കുറ്റിയില്‍പീടിക ബസ് സ്റ്റോപ്പിനു സമീപമുള്ള കുറ്റിയില്‍ സ്റ്റോര്‍സ് ഉടമ കുറ്റിയില്‍ ടി.കെ മുഹമ്മദിന്റെ കടയില്‍നിന്ന് പണം മോഷ്ടിക്കാനെത്തിയവരാണ് പിടിയിലായത്. കണ്ണൂര്‍ തോട്ടട ആഷി ഹൗസില്‍ മുഹമ്മദ് സാജിദ് (46), വടകര പൊന്മേരി വലിയ മലയില്‍ മുഹമ്മദലി ( 45 ) എന്നിവരെയാണു കടയുടമയും ജീവനക്കാരിയും ചേര്‍ന്നു പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
കടയില്‍ തിരക്കു കുറഞ്ഞ സമയത്ത് സാജിദ് വലിയഉള്ളി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍ ആവശ്യപ്പെട്ടു. ജീവനക്കാരി സാധനങ്ങള്‍ എടുക്കുന്നതിനിടെ മുഹമ്മദലി കടയുടെ വരാന്തയില്‍ വച്ച പ്ലാസ്റ്റിക് കയര്‍ നോക്കാനെന്ന വ്യാജേന വലിച്ചെടുത്ത് പുറത്തിട്ടു. ഇതോടെ കാഷ് കൗണ്ടറിന് അകത്തുനിന്ന ഉടമ മുഹമ്മദിന്റെ ശ്രദ്ധ ഇവിടേക്കായി. മുഹമ്മദ് പുറത്തിറങ്ങി പ്ലാസ്റ്റിക് കയര്‍ അടുക്കിവയ്ക്കുന്നതിനിടയില്‍ സാജിദ് ധൃതിയില്‍ കാഷ് കൗണ്ടറില്‍ നിന്നു കാഷ് ബാഗ് കൈവശപ്പെടുത്തി ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. ഉള്ളി തിരയുന്നതിനിടെ സാജിദിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ജീവനക്കാരി വരാന്തയില്‍ നിന്ന ഉടമ മുഹമ്മദിനെ അകത്തേക്ക് വിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ശ്രദ്ധിച്ച കടയുടമ നാലുവര്‍ഷം മുന്‍പ് തന്നെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ കൂട്ടത്തിലുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു.
കടയിലും സമീപത്തും ഉണ്ടായിരുന്നവര്‍ മോഷ്ടാക്കളെ തടഞ്ഞുവച്ച് വിവരം നല്‍കിയതിനെ തുടര്‍ന്ന് പയ്യോളി എസ്.ഐ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കടയുടെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന പ്രതികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള സ്ഥലങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് സാജിദെന്ന് പൊലിസ് പറഞ്ഞു. നേരത്തെ വിദേശത്തായിരുന്ന മുഹമ്മദലി അടുത്തിടെയാണ് സാജിദിനൊപ്പം ചേര്‍ന്ന് തട്ടിപ്പ് തുടങ്ങിയത്. 2014 ലാണ് ഉടമ മുഹമ്മദിനെ കബളിപ്പിച്ച് സമാനമായ രീതിയില്‍ 70,000 രൂപ സാജിദ് തട്ടിയെടുത്തത്.
പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."