കനത്ത വേനലിലും വെള്ളം സുലഭം; മാതൃകയായി നാലുകെട്ട് ഇരട്ടച്ചിറ
ചാലക്കുടി: കനത്ത വേനലിലും നീരുറവ വറ്റാത്ത നാലുകെട്ട് ഇരട്ടച്ചിറ ജലസംരക്ഷണ പദ്ധതി മാതൃകയാകുന്നു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും കുടിവെള്ള പദ്ധതിയും ഇവിടെ കാര്യക്ഷമമാണ്. ഒരു വശത്ത് നാലുകെട്ട് ഭാഗത്തേക്കുള്ള ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും മറുഭാഗത്ത് കുടിവെള്ള പദ്ധതിയുമാണ് പ്രവര്‍ത്തിക്കുന്നത്.
നാലുകെട്ട് പ്രദേശത്തെ അറുനൂറില്‍പരം വീട്ടുകാര്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. കനത്ത വേനലിലും ഇവിടത്തുകാര്‍ക്ക് വെള്ളത്തിന് മുട്ടില്ല. ഒരിക്കലും വറ്റാത്തചിറയാണ് ഇവിടത്തുകാര്‍ക്ക് അനുഗ്രഹമാകുന്നത്. കുടിവെള്ള പദ്ധതിയുടെ ചിറക്ക് ജനകീയ സമിതിയുടെ കാര്യമായ സംരക്ഷണം ഉണ്ടെങ്കിലും ജലസേചനത്തിനായി ഉപയോഗിക്കുന്ന ചിറക്ക് മതിയായ സംരക്ഷണമില്ല.
സുലഭമായി വെള്ളം ലഭിക്കുന്നുണ്ടെങ്കിലും ചിറ ചണ്ടിയും പായലും നിറഞ്ഞ അവസ്ഥയിലാണ്. ഇവിടത്തെ മോട്ടാര്‍ ഷെഡിന്റെ അവസ്ഥയും ദയനീയമാണ്. വാതില്‍ തകര്‍ന്ന അവസ്ഥയിലാണ്. ചിറ ശുചീകരിച്ച് അറ്റകുറ്റ പണികള്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
എന്നാല്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ചിറയും പരിസരവും നാട്ടുകാരുടെ ഇടപെടല്‍ മൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ചിറയോട് ചേര്‍ന്നുള്ള മറ്റൊരു ചിറയില്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട്. പ്രിയദര്‍ശിനി പുരുഷ സ്വയം സഹായസംഘത്തിലെ ഇരുപതോളം വരുന്ന അംഗങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി മത്സ്യകൃഷിയിറക്കുന്നത്.
പിലോപ്പി, കാര തുടങ്ങിയ അഞ്ഞൂറ് കിലോയിലധികം വരുന്ന മത്സ്യം ഇവിടെ വിളവെടുപ്പിന് പാകമായി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇവിടത്തെ വറ്റാത്ത ചിറകള്‍ ഇവിടെയുണ്ടായിരുന്ന ക്ഷേത്ര ഭരണസമിതിയുടെ സംരക്ഷത്തിലായിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഓടിരക്ഷപ്പെട്ടതോടെ ചിറ അനാഥമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ജനകീയ സംരക്ഷണ സമിതി ചിറയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. അധികാരികളുടെ ഇടപെടല്‍ കൂടിയുണ്ടായാല്‍ കനത്ത വേനലിലും ജലസമൃദ്ധി നല്‍കുന്ന ഇരട്ടച്ചിറ നാടിന് മാതൃകയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."