സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹരജി
ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആരോഗ്യമേഖല പൂര്‍ണമായും പൊതുമേഖലയ്ക്ക് കീഴിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി.
വൈറസ് ഭീഷണി അവസാനിക്കുന്നതുവരെ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍ തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹരം സിങ് എന്ന വ്യക്തിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ പൊതുമേഖലയിലെ സൗകര്യങ്ങള്‍ മാത്രമുപയോഗിച്ച് കൊവിഡിനെ നേരിടാന്‍ കഴിയില്ലെന്ന് ഹരജിയില്‍ പറയുന്നു. അതിനാല്‍ രാജ്യത്തെ സ്വകാര്യമേഖലയെക്കൂടി പൊതുമേഖലയുടെ ചരടില്‍ കോര്‍ത്തുവച്ചുവേണം ഈ മഹാമാരിയെ നേരിടേണ്ടത്.
ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബലമാണ്. ബജറ്റ് വിഹിതത്തിന്റെ 1.6 ശതമാനം മാത്രമാണ് രാജ്യം ആരോഗ്യമേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ലോകരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ ഈ മേഖലയിലുണ്ടായ വികസനം ചെറുതാണ്.
അതേസമയം, ഇന്ത്യയിലെ സ്വകാര്യമേഖലയില്‍ ലോകനിലവാരത്തിലുള്ള ആരോഗ്യസുരക്ഷാ സംവിധാനങ്ങളുണ്ട്. വലിയ നഗരങ്ങളില്‍ മാത്രമല്ല ചെറുപട്ടണങ്ങളിലും സ്വകാര്യമേഖലയില്‍ മികച്ച ആശുപത്രികളുണ്ട്. പൗരന്‍മാര്‍ക്ക് മികച്ച ചികിത്സ ലഭിക്കുകയെന്നത് ഭരണഘടനയുടെ 21, 47 വകുപ്പുകള്‍ ഉറപ്പുനല്‍കുന്നതാണ്.
ഈ സാഹചര്യത്തില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങള്‍കൂടി പൊതുമേഖലയുടെ കീഴിലാക്കാനും പൗരന്‍മാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉത്തരവിടണമെന്നും അഭിഭാഷകന്‍ അമിത് ദിവേദി മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ പറയുന്നു.
ഉന്നതതലത്തില്‍ ചര്‍ച്ച സജീവം
ന്യൂഡല്‍ഹി: കൊറോണ ബാധ രാജ്യത്തു ശക്തമായ സാഹചര്യത്തില്‍ സ്‌പെയിന്‍ മാതൃകയില്‍ ഇന്ത്യയിലെ സ്വകാര്യആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച സജീവമാകുന്നു.
ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 13 ജില്ലകളിലായി 58 സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് രാജ്യമെമ്പാടും ഇതു പിന്തുടരുന്നതു സംബന്ധിച്ച് ചര്‍ച്ചയാരംഭിച്ചത്.
ഇതിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. രാജ്യത്തു നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളും ക്ലിനിക്കുകളും മാത്രമാണ് കൊവിഡിനെതിരായ പോരാട്ടത്തില്‍ സജീവമായുള്ളത്. ശക്തമായ സംവിധാനങ്ങളുള്ള സ്വകാര്യമേഖല ഇപ്പോഴും ലാഭേച്ഛയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
വലിയ നഗരങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ മികച്ച സംവിധാനങ്ങളുള്ളത്. മറ്റിടങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ പോലുമില്ലാത്ത സാഹചര്യമുണ്ട്. വലിയ സൗകര്യങ്ങളുണ്ടായിട്ടും സമൂഹത്തോട് ഉത്തരവാദിത്വമില്ലാതെയാണ് സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ വിസമ്മതിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടുകളുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."