വേനല്‍ച്ചൂട്: ജാതികര്ഷകരുടെ പ്രതീക്ഷകള്‍ കരിയുന്നു
തൊടുപുഴ: മുന്‍കാലങ്ങളെ അപേക്ഷിച്ചു വേനല്‍ച്ചൂട് കടുത്തതു ജാതി കര്‍ഷകര്‍ക്കു കടുത്ത വിനയായി. അന്തരീക്ഷത്തിലെ അസഹനീയമായ ചൂടും മണ്ണിലെ ഈര്‍പ്പക്കുറവും കാരണം ജില്ലയിലെ കൃഷിയിടങ്ങളില്‍ കായ്ഫലം നല്കി വന്നിരുന്ന ഒട്ടേറെ ജാതിമരങ്ങളാണ് ഉണങ്ങിക്കരിഞ്ഞത്.
ഒക്ടോബര്‍ മാസത്തോടെ ജാതിമരങ്ങളിലുണ്ടായ കായ്കളുടെ വിളവെടുപ്പ് ജൂണ്‍ മാസത്തോടെ ആരംഭിക്കാനാകുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണു കര്‍ഷകര്‍ക്കു തിരിച്ചടിയായി വേനല്‍ ശക്തമായിരിക്കുന്നത്. ദീര്‍ഘകാല വിളകളായ തെങ്ങ്, കമുക്, കുരുമുളക് ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളില്‍ ഇടവിളയായാണു ജാതിക്കൃഷി ചെയ്യുന്നത്. ഇത്തരം സാഹചര്യമാണു ജില്ലയിലെ മിക്കവാറും കൃഷിയിടങ്ങളില്‍ ജാതിക്കൃഷി സമൃദ്ധമാകാന്‍ കാരണമായിരിക്കുന്നത്. മറ്റു വിളകള്‍ വിലത്തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ ജാതിക്കായ്ക്കും പത്രിക്കും ഇക്കുറി വലിയ തോതില്‍ വിലയിടിവുണ്ടായിട്ടില്ലെന്നത് പ്രത്യേകതയാണ്.
പഴയ കായ്ക്ക് കിലോഗ്രാമിന് 300 മുതല്‍ 320 രൂപ വരെ വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉല്പാദനത്തില് വന്‍തോതില്‍ കുറവുണ്ടായതായി കര്‍ഷകരും വ്യാപാരികളും പറയുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണു ജാതിക്കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുന്നത്. കടുത്ത വേനലില്‍ ജാതിയില്‍ നിന്നു കായ്കള്‍ കൊഴിഞ്ഞുവീഴുകയാണ്. ഇവ പാകമാകാത്തതിനാല്‍ വില ലഭിക്കില്ലെന്നതു കര്‍ഷകരുടെ ദുരിതം കൂടാന്‍ കാരണമായിട്ടുണ്ട്. ഇതിനിടെയാണു ശമനമില്ലാത്ത വേനല്‍ച്ചൂടില്‍ ജാതികള്‍ ഉണങ്ങിക്കരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."