സിനിമ കാണാനെത്തിയവരുടെ മര്‍ദനമേറ്റ് തീയേറ്റര്‍ ജീവനക്കാര്‍ക്ക് പരുക്ക്
തൊടുപുഴ: സിനിമ കാണാനെത്തിയവരുടെ മര്‍ദ്ദനമേറ്റ് തീയേറ്റര്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു. തൊടുപുഴ ആശീര്‍വാദ് തീയറ്ററില്‍ ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. തീയേറ്റര്‍ മാനേജര്‍മാരായ പൂമാല സ്വദേശി ശ്രീകുമാര്‍(33), തൊടുപുഴ സ്വദേശി നിനീഷ്(30) എന്നിവര്‍ക്കാണ്് മര്‍ദ്ദനമേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീയേറ്റര്‍ കോംപൗണ്ടിലെ നോ പാര്‍ക്കിങ് എരിയായില് പാര്‍ക്ക് ചെയ്ത ബൈക്ക് സെക്യൂരിറ്റി ജീവനക്കാരന് മാറ്റിവെച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്.
സിനിമ കഴിഞ്ഞിറങ്ങിയ വെങ്ങല്ലൂര്‍ സ്വദേശികളായ പതിനഞ്ചോളം പേരാണ് ജീവനക്കാരെ അക്രമിച്ചതെന്ന് പറയുന്നു. സംഘത്തില്െ ഒരാള്‍ തീയേറ്ററിന്റെ പ്രവേശനകവാടം അടച്ച് പാര്‍ക്ക് ചെയ്ത ബൈക്ക് മാറ്റി വെയ്ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അത് ചെവിക്കൊണ്ടില്ല. പിന്നീട് ഇവര്‍ തീയേറ്ററില്‍ പ്രവേശിച്ച ശേഷം സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് മറ്റൊരിടത്തേക്ക് മാറ്റിവെച്ചു. സിനിമ കഴിഞ്ഞിറങ്ങിയ പ്രതികള്‍ ഇത് ചോദ്യം ചെയ്തു. കൈയാങ്കളി ഭയന്ന് സെക്യൂരിറ്റി ജീവനക്കാരന് തീയേറ്ററിനുള്ളില്‍ അഭയം തേടി. ഈ സമയത്ത് മറ്റ് ജീവനക്കാര്‍ കാര്യം അന്വേഷിച്ച് അവിടെയെത്തി. ഉടന്‍ ഇവരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മറ്റ് ജീവനക്കാരെത്തി രക്ഷാകവചം തീര്‍ത്താണ് ശ്രീകുമാറിനെയും നീനീഷിനെയും രക്ഷിച്ചത്. ഇതേസംഘം മുന്‍പും തീയേറ്ററില്‍ അക്രമം നടത്തിയിട്ടുണ്ടെന്ന്് ജീവനക്കാര്‍ പറയുന്നു. ഇതു സംബന്ധിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പാക്കിയിരുന്നു. സംഭവം സംബന്ധിച്ച് കേസ് എടുത്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."