മര്‍ദക സംഘത്തില്‍ സസ്‌പെന്‍ഷനിലായ എ.എസ്.ഐയും; ദുരൂഹതയേറുന്നു
ആലുവ: എടത്തല പൊലിസ് സ്റ്റേഷനില്‍ യുവാവിന് ക്രൂരമായി മര്‍ദനമേറ്റ സംഭവത്തില്‍ ഡ്യൂട്ടിയില്‍ ഇല്ലാത്ത പൊലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതില്‍ ദുരൂഹത. കഴിഞ്ഞ ദിവസം എടത്തല കുമ്പാട്ടുകര മരത്തും കുടി വീട്ടില്‍ ഉസ്മാന്‍ (39)നെ മര്‍ദിച്ച സംഘത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.എസ്.ഐയും ഉണ്ടായിരുന്നു.
മോഷണക്കേസിലെ പ്രതി പൊലിസ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാല് ദിവസം മുന്‍പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സ്റ്റേഷന്‍ ഗ്രേഡ് എ.എസ്.ഐ ഇന്ദുചൂഡനാണ് യുവാവിനെ മര്‍ദിച്ച കേസിലും പ്രതിയായത്. കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ റൂറല്‍ ജില്ലാ ട്രഷറര്‍ കൂടിയായ ഇയാള്‍ ഡ്യൂട്ടിയില്ലാതിരുന്നിട്ടും വൈകിട്ട് സ്റ്റേഷനിലെത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ സ്റ്റേഷനിലെ സാന്നിധ്യമാണ് എസ്.ഐക്കും വിനയായത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സ്റ്റേഷന്‍ എസ്.ഐ ജി. അരുണിനെതിരേ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ നടപടിക്ക് വിധേയനായ സീനിയര്‍ സി.പി.ഒ ജലീല്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയെ അസഭ്യം പറഞ്ഞതായി ആക്ഷേപമുണ്ട്. ഇയാളെ കളമശ്ശേരി എ.ആര്‍ ക്യാംപിലെ തീവ്രപരിശീലന വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. വിവാദത്തിലായ എടത്തല പൊലിസ് സ്റ്റേഷനെക്കുറിച്ച് നേരത്തേയും വിവാദങ്ങളുയര്‍ന്നിട്ടുണ്ട്.
അതേസമയം, ഒരാള്‍ക്ക് പോലും അറിയാത്ത തീവ്രവാദ ആക്ഷേപമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ഉസ്മാന്റെ ഭാര്യ ഫെബിന മാധ്യമങ്ങളോട് പറഞ്ഞു. 12 വര്‍ഷമായി ഞാന്‍ ഉസ്മാനുമായി ഒരുമിച്ച് ജീവിക്കുന്നു. ഇതിനിടയില്‍ ഒരു തീവ്രവാദത്തിനും ഞങ്ങള്‍ പോയിട്ടില്ല. താടി വച്ചവരെ മുഴുവന്‍ തീവ്രവാദിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."