HOME
DETAILS
MAL
സമൂഹവ്യാപന ഭീഷണി നീങ്ങിയില്ല; കൊവിഡ് ചികിത്സയില്‍ കേരള കുതിപ്പ്
backup
April 11 2020 | 04:04 AM
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവിനെ പിടിച്ചുകെട്ടാനുള്ള കേരളത്തിന്റെ പരിശ്രമങ്ങള്‍ വിജയം കാണുന്നുവെങ്കിലും പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടത്തില്‍ സമൂഹവ്യാപനഭീഷണി നീങ്ങുന്നില്ല. സമൂഹവ്യാപനം സംബന്ധിച്ച് സ്ഥിരീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും ലഭ്യമാകുന്ന സൂചനകള്‍ കൊവിഡ് വ്യാപനഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. എന്നാല്‍ കൊവിഡ് ചികിത്സാരംഗത്ത് കേരളത്തിന്റെ കുതിപ്പ് ദേശീയ ശരാശരിയേക്കാളും വളരെ മുന്നിലും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയവുമാണ്.
കൊവിഡ് 19 ന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 100 ദിവസം കൊണ്ടാണ് 94 ശതമാനം രോഗമുക്തി നേടാനായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച 364 പേരില്‍ ഇന്നലെ 27 പേര്‍ ഉള്‍പ്പടെ 124 പേര്‍ക്ക് രോഗമുക്തി നേടാനായത് വലിയ നേട്ടമാണ്. ദേശീയതലത്തില്‍ രോഗം ഭേദമായവരുടെ എണ്ണം പത്ത് ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ കേരളത്തിന്റെ നേട്ടം 34 ശതമാനമായി മാറിയിരിക്കുകയാണ്. ആദ്യഘട്ടങ്ങളില്‍ കൊവിഡ് സ്ഥീരികരിച്ചവരില്‍ ഏറിയപങ്കും വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി വരുന്ന റിപ്പോര്‍ട്ടുകളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലാണ് വര്‍ധന കാണിക്കുന്നത്. ഇന്നലെ സ്ഥിരീകരിച്ച കൊവിഡ് ബാധിതരില്‍ ഏഴ് പേരില്‍ അഞ്ചു പേര്‍ക്കും വ്യാഴാഴ്ച സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.
വിദേശത്ത് നിന്നെത്തിയവരില്‍ ഏറിയ പങ്കിന്റെയും നിരീക്ഷണ കാലവധി കഴിഞ്ഞതും രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരിലും രോഗം സ്ഥിരീകരിക്കപ്പെട്ടതുമാണ് സമൂഹവ്യാപനത്തിലേക്ക് ചൂണ്ടികാണിക്കുന്ന ഘടകങ്ങള്‍. സമൂഹവ്യാപനത്തിന്റെ തോത് അറിയുന്നതിനായി പൊതുവായ പരിശോധനയിലേക്ക് കേരളം കടന്നിട്ടില്ല. രോഗലക്ഷണമുള്ളവരുടെ സാംപിളുകളാണ് പരിശോധയ്ക്കായി അയച്ചിരിക്കുന്നത്. നിരീക്ഷണത്തിലുണ്ടായിരുന്ന ഒന്നരലക്ഷത്തിലധികം പേരില്‍ 13,339 പേരുടെ സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. ഇതിനിടയില്‍ സമ്പര്‍ക്കത്തിലൂടെ ഹൈറിസ്‌ക്ക് കാറ്റഗറിയിലുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടത്.
ഇതിനിടെ രാജ്യത്ത് കൊവിഡ് രോഗത്തിന്റെ സമൂഹവ്യാപനം നടന്നതായി സൂചിപ്പിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) റിപ്പോര്‍ട്ട് പുറത്ത് വന്നതും ആശങ്ക വര്‍ധിപ്പിച്ചു. ഇരുപത് സംസ്ഥാനങ്ങളില്‍ ഗുരുതര ശ്വാസസംബന്ധ അസുഖബാധിതരായ 5911 പേരില്‍ നടത്തിയ പരിശോധനകളില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."