മഴ വൈകുന്നു; നാട് വരള്‍ച്ചയിലേക്ക്
കല്‍പ്പറ്റ: മേഖലയില്‍ വേനല്‍ മഴ ലഭിക്കാതെ വന്നതോടെ കുടിയേറ്റ ഗ്രാമങ്ങള്‍ വരള്‍ച്ചയിലും കൊടുംചൂടിലും വെന്തുരുകുന്നു. കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങിയതും കര്‍ഷകരെ വലയ്ക്കുന്നു. ജില്ലയിലെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും പുല്‍പ്പള്ളി മേഖലയില്‍ നാമമാത്ര മഴമാത്രമാണ് ലഭിച്ചത്. അതിര്‍ത്തി ഗ്രാമങ്ങളാണ് ഏറെ വരള്‍ച്ച അനുഭവപ്പെടുന്നത്. കര്‍ണാടകാതിര്‍ത്തി ഗ്രാമങ്ങളിലെ അതേ കാലാവസ്ഥയാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാണപ്പെടാന്‍ തുടങ്ങിയത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്കിണറുകളുള്ളത് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലാണ്. ഇത് ജലനിരപ്പ് താഴാന്‍ കാരണമാകുന്നുണ്ട്. സംസ്ഥാന ശരാശരിയേക്കാള്‍ 60 ശതമാനത്തോളം മഴക്കുറവാണ് മേഖലയിലുണ്ടായത്. രാവിലെ ഏഴ് മുതല്‍ തന്നെ കനത്തചൂടാണ് അനുഭവപ്പെടുന്നത്. ഇത് കാര്‍ഷിക മേഖലയ്ക്കും ക്ഷീര മേഖലയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കനത്ത ചൂടിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ചൂട് വര്‍ധിച്ചതോടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ചൂടുകാറ്റും പൊടിശല്യവുമെല്ലാം വര്‍ധിച്ചതോടെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതും പതാവായി. ശുദ്ധജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ ഏറെ വലയേണ്ട അവസ്ഥയാണിപ്പോള്‍. ചൂട് വര്‍ധിച്ചതോടെ ഫാനുകളും എസിയും സ്ഥാപിച്ച് ചൂടിനെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."