ആലുവ: പൊലിസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് മര്‍ദനമേറ്റ ഉസ്മാന്‍
ആലുവ: പൊലിസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പൊലിസിന്റെ മര്‍ദനമേറ്റ യുവാവ് ഉസ്മാന്‍. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ബൈക്കിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറായിരുന്നുവെന്ന് ഉസ്മാന്‍ പറഞ്ഞു. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു തന്നെ മര്‍ദിച്ചു. തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പൊലിസ് സ്റ്റേഷനിലെത്തിച്ചു.
അതുവരെ തനിക്ക് പൊലിസാണെന്നറിയില്ലായിരുന്നു. സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തന്റെതല കാലിനിടയില്‍ പിടിച്ച് കൊടുത്ത് ശേഷം മുട്ട് കയ്യിന് പുറംഭാഗത്തായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് തന്റെ ശരീരത്തില്‍ മുറിവുണ്ടാകുകയും രക്തംവരികയും ചെയ്തിരുന്നു. താഴെ വീണ രക്തം പിന്നീടെത്തിയ ഉന്നത പൊലിസുദ്യോഗസ്ഥന്‍ കാണുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് വന്ന ശേഷം ഞാന്‍ പതിനായിരം രൂപ നല്‍കി വാങ്ങിയ ടൂ വീലര്‍ ഇതുവരെ പേര് പോലുംമാറിയിട്ടില്ല. ഇതിനിടയിലാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ദുരാരോപണമുന്നയിക്കുന്നത്.
മര്‍ദ്ദനത്തെത്തുടര്‍ന്ന് പോയ ഒരു കണ്ണിന്റെ കാഴ്ച ശരിയായിട്ടില്ല, ശരീരത്തിന് അസഹ്യമായ വേദനയും ഉണ്ട്. താടിയെല്ല് ഓപ്പറേഷനിലൂടെ ശരിയായിട്ടുണ്ട്. എന്നാലും ഇപ്പോള്‍ ഭക്ഷണം കഴിക്കാനോ, ശരിയായി സംസാരിക്കാനോ സാധിക്കുന്നില്ലെന്ന് ഉസ്മാന്‍ പറഞ്ഞു. തന്നെ മര്‍ദിച്ച പൊലിസുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ തടസപ്പെടുത്തിയെന്ന പേരില്‍ കേസുണ്ടെന്ന ആക്ഷേപം.
2011 ല്‍ തന്റെ പേരില്‍ ആരോപിക്കുന്ന കേസാകട്ടെ താന്‍ പങ്കാളിയാവാത്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത കുറ്റമാണിത്. കണ്ടാലറിയാവുന്ന 100 ഓളം പേരില്‍ ഒരാളായാണ് തന്നെ പ്രതിചേര്‍ത്തത്. അന്ന് ആലുവ കൊച്ചിന്‍ ബാങ്ക് കവലയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ കുഞ്ചാട്ടുകരക്കാരാണെന്നറിഞ്ഞ് ചെന്നപ്പോള്‍ ലാത്തി ചാര്‍ജ് കണ്ടു. നാട്ടുകാരല്ലാത്തതിനാല്‍ തിരികെ പോന്നെങ്കിലും കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തു. കുറ്റവാളിയല്ലെന്ന മനസിലാക്കിയ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നു തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ചതായും ഉസ്മാന്‍ ആശുപത്രി കിടക്കയില്‍ വച്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."