മണ്‍സൂണ്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല; ആശങ്കയില്‍ വൈദ്യുതിബോര്‍ഡ്
തൊടുപുഴ: ജൂണ്‍ പിന്നിട്ടിട്ടും മണ്‍സൂണ്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതില്‍ വൈദ്യുതിബോര്‍ഡിന് കനത്ത ആശങ്ക. ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനലിനെ ഏറെ കഷ്ടപ്പെട്ടാണ് വൈദ്യുതിബോര്‍ഡ് അതിജീവിച്ചത്. ജൂണ്‍ ആദ്യവാരത്തോടെ സാധാരണയില്‍ കൂടുതല്‍ കാലവര്‍ഷം ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ പ്രവചനങ്ങള്‍ മുഖവിലയ്‌ക്കെടുത്ത കെ.എസ്.ഇ.ബി കരുതല്‍ ജലസംഭരണത്തില്‍ വരെ കൈവച്ചിരുന്നു. എന്നാല്‍ സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാലവര്‍ഷം പ്രവചനങ്ങളുടെ അടുത്തുപോലും എത്തുന്നില്ലെന്ന് കാണാം. ജൂണ്‍ മാസത്തില്‍ പലദിവസങ്ങളിലും താഴ്‌വരകളില്‍ കനത്ത മഴ ലഭിച്ചിരുന്നെങ്കിലും പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ദുര്‍ബലമായിരുന്നു. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 അടി കുറവാണ്. ജൂണില്‍ 62.8 സെന്റിമീറ്റര്‍ മഴ മാത്രമാണ് ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് പെയ്തത്. ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏറെ കുറവാണ്.
നാലുദിവസം മാത്രമാണ് അഞ്ച് സെന്റിമീറ്ററിന് മുകളില്‍ മഴ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. 2324.18 അടിയാണ് ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 26 ശതമാനമാണ്. മുന്‍ വര്‍ഷങ്ങളില്‍ ജൂലൈയില്‍ ഇടുക്കി അണക്കെട്ട് പകുതി നിറയാറുണ്ടായിരുന്നു. അര സെന്റീമീറ്റര്‍ മഴ മാത്രമാണ് ഇന്നലെ ഇവിടെ ലഭിച്ചത്. അതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ദുര്‍ബലമായി. 7.363 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളം മാത്രമാണ് ഇന്നലെ ഒഴുകിയെത്തിയത്. 2.194 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്.
ഇന്നലത്തെ കണക്കനുസരിച്ച് വൈദ്യുതിബോര്‍ഡിന്റെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണശേഷിയുടെ 28 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 1174.96 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇതുകൊണ്ട് ഉല്‍പ്പാദിപ്പിക്കാം. കഴിഞ്ഞവര്‍ഷം ഇതേദിവസത്തേക്കാള്‍ 514.11 ദശലക്ഷം യൂനിറ്റ് കുറവാണിത്. പല പദ്ധതിപ്രദേശങ്ങളുടേയും വൃഷ്ടിപ്രദേശത്ത് ഇന്നലെ ചാറ്റല്‍മഴ മാത്രമാണ് ലഭിച്ചത്.
ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കുറ്റ്യാടിയിലാണ്, മൂന്നു സെന്റീമീറ്റര്‍. മറ്റ് പദ്ധതി പ്രദേശങ്ങളില്‍ ഇന്നലെ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെയാണ്. പമ്പ 0.2 സെന്റീമീറ്റര്‍, നേര്യമംഗലം 0.4, ഷോളയാര്‍ 0.3, മാട്ടുപ്പെട്ടി 0.2, തര്യോട് 2.1, പൊരിങ്ങല്‍ 0.5 സെ.മീ. സംസ്ഥാനത്തെ ഇന്നലത്തെ ജലവൈദ്യുതി ഉല്‍പ്പാദനം 13.637 ദശലക്ഷം യൂനിറ്റും ഉപയോഗം 63.2.7 ദശലക്ഷം യൂനിറ്റുമാണ്.
പുറത്തുനിന്നു വാങ്ങിയത് 48.74 ദശലക്ഷം യൂനിറ്റും. പ്രതിദിന വൈദ്യുതി ഉപഭോഗം 60 ദശലക്ഷം യൂനിറ്റില്‍ താഴെയായിരുന്നത് ഇന്നലെ 63 ദശലക്ഷം യൂനിറ്റിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ പദ്ധതികളിലെ ഓരോ ജനറേറ്ററുകള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."