പ്രതീക്ഷയാണ്: രണ്ടാഴ്ചക്കിടെ ഒരു കൊവിഡ് കേസുപോലുമില്ലാതെ രാജ്യത്ത് 25 ജില്ലകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ നേരത്തെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 25 ജില്ലകള്‍ കൊവിഡ് മുക്തമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 20 ദിവസമായുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളും കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതില്‍ ഫലം കണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. നേരത്തെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കഴിഞ്ഞ 14 ദിവസമായി പുതിയ രോഗികളൊന്നുമില്ലാത്തതുമായ ജില്ലകളില്‍ കേരളത്തില്‍ നിന്ന് വയനാടും കോട്ടയവുമാണ് ഇടംപിടിച്ചത്.
രാജ്യത്ത് കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. കര്‍ണാടകയിലെ ദാവനഗിരി, കൊടക്, തുംകൂര്‍, ഉഡുപ്പി എന്നിവയും 25 ജില്ലകളുടെ പട്ടികയിലിടംപിടിച്ചിട്ടുണ്ട്. ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, ബിഹാര്‍, പഞ്ചാബ്, പുതുച്ചേരി, മിസോറം, ജമ്മു കശ്മിര്, മണിപ്പൂര്‍, ഗോവ, ചത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് മറ്റ് ജില്ലകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."