അന്ന് രാജ്യദ്രോഹികള്‍ ഇന്ന്..; സി.എ.എ വിരുദ്ധ നാടകം നടത്തിയതിന് കേസെടുത്ത ബിദാര്‍ സ്‌കൂള്‍ ക്വാറന്റൈന്‍ കേന്ദ്രമാക്കി ബി.ജെ.പി സര്‍ക്കാര്‍
ബംഗളൂരു: ജനുവരിയില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ഷഹീന്‍ സ്‌കൂള്‍ ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രം. ക്വാറന്റൈനിലുള്ള 193 ഓളം ആളുകള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം സ്‌കൂള്‍ അധികൃതരാണ് ഒരുക്കിയിരിക്കുന്നതെന്നും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിച്ചതിനാണ് ഷഹീന്‍ സ്‌കൂളിനെതിരെ പൊലിസ് കേസെടുത്തത്. ഇതിന് പിന്നാലെ സ്‌കൂളിലെ ഒരു ടീച്ചറേയും പഠിച്ചിരുന്ന കുട്ടിയുടെ രക്ഷിതാവിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികളെ പോലും ചോദ്യം ചെയ്തത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
193 പേരാണ് ഇപ്പോള്‍ ഷഹീന്‍ പ്രൈമറി സ്‌കൂളിലെ ക്വാറന്റെയ്ന്‍ കേന്ദ്രത്തിലുള്ളതെന്ന് ഷഹീന്‍ ഗ്രൂപ്പ് സി.ഇ.ഒ തൗസീഫ് മടിക്കേരി അറിയിച്ചു. ഭക്ഷണവും മാസ്‌കും അണുനശീകരണ പ്രവര്‍ത്തികളും അടക്കം എല്ലാ സൗകര്യങ്ങളും ക്വാറന്റെയ്നിലുള്ളവര്‍ക്ക് നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുവരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂള്‍ വിട്ടു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500 ആളുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം സ്‌കൂളിനുണ്ട്.
നേരത്തെ ബിദറിലെ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് ക്വാറന്റെയ്നിലുള്ളവരെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് ക്വാറന്റെയ്ന്‍ കേന്ദ്രം ജനവാസം കുറഞ്ഞ മേഖലയിലേക്ക് മാറ്റിയത്.
മൂവായിരത്തോളം കുട്ടികളാണ് ഷഹീന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്നത്. 600 കുട്ടികള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ഇതില്‍ ലോക്കഡൗണിനെ തുടര്‍ാന്ന് ഇവിടെ കുടുങ്ങിപ്പോയ ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം കുട്ടികളെ സ്‌കൂളിന്റെ മറ്റൊരു കാമ്പസിലുള്ള ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
ബിദറിലെ ഷഹീന്‍ സ്‌കൂള്‍ സര്‍ക്കാരിന്റെ കോവിഡ് ക്വാറന്റെയ്ന്‍ കേന്ദ്രമാണെന്ന് ജില്ലാ അസിസ്റ്റന്റ് കമ്മീഷണറും സ്ഥിരീകരിച്ചു. ക്വാറന്റെയ്ന്‍ കേന്ദമാക്കാന്‍ ജനവാസം കുറഞ്ഞ മേഖലയിലുള്ള സ്‌കൂളുകള്‍ തിരഞ്ഞിരുന്നു. ഇതില്‍ ആദ്യത്തേതാണ് ഷഹീന്‍ സ്‌കൂളെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അക്ഷയ് ശ്രീധര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിശോധിക്കുന്നതുവരെയുള്ള ഘട്ടത്തിലെ കേന്ദ്രമാണിത്. പരിശോധനക്ക് ശേഷം ഇവരെ വീടുകളില്‍ ക്വാറൈന്റനിലേക്ക് മാറ്റുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."