നിപാക്കെതിരേ അവര്‍ ഒന്നിച്ചു; ഒടുവില്‍ വിജയം
ചേവായൂര്‍: നിപാ വൈറസിനെ നേരിടാന്‍ മെഡിക്കല്‍ കോളജില്‍ രൂപപ്പെട്ടത് വലിപ്പ ചെറുപ്പമില്ലാത്ത കൂട്ടായ്മ. ദ്രുതഗതിയില്‍ വൈറസിനെ തുരത്താന്‍ സഹായകമായത് ഈ കൂട്ടായ്മയുടെ അടിയന്തര പ്രവര്‍ത്തനം കൊണ്ടാണ്. ഓരോ വിഭാഗവും അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ ഒരു നാട് മുഴുവന്‍ അവര്‍ക്ക് പിന്തുണ നല്‍കി. വൈറസ് ഭീതി പരത്തിയ നാളുകളില്‍ സെക്യൂരിറ്റി ജീവനക്കാരും ശുചീകരണ തൊഴിലാളികളും മുതല്‍ അറ്റന്റര്‍മാരും നഴ്‌സുമാരും ഡോക്ടര്‍മാരും ലാബ് ടെക്‌നീഷ്യന്‍മാര്‍ വരെ ഒരേ മനസോടെ പ്രവര്‍ത്തിച്ചതിന്റെ വിജയമായിരുന്നു മെഡിക്കല്‍ കോളജില്‍ കണ്ടത്. നിപാ വൈറസ് മഹാമാരി പകര്‍ത്തിയവരാണ് അത്യാഹിത വിഭാഗത്തിലെത്തുന്നതെന്ന് മനസിലായതോടെ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് കണ്ടത് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ സ്‌ട്രെക്ച്ചറുകളിലും ട്രോളികളിലും കൊണ്ടുവരുന്ന രോഗികള്‍ക്ക് നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും അതീവ സുരക്ഷയൊരുക്കി. ആശുപത്രിയില്‍ തിങ്ങി നിറഞ്ഞവരോട് സെക്യൂരിറ്റി ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരക്കുകുറച്ചു. മാസ്‌കും കൈയുറയും ധരിച്ച നഴ്‌സുമാരും പി.ജി, ഹൗസ് സര്‍ജന്‍സ് ഡോക്ടര്‍മാരും ജാഗ്രതയോടെ രോഗികളെ പരിചരിച്ചു. കാഷ്വാലിറ്റി സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ജീവനക്കാര്‍ക്കെല്ലാം മാസ്‌കുകള്‍ വിതരണം ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോയ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് പാഞ്ഞെത്തി.
മെഡിക്കല്‍ കോളജ് പ്രിസിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാരായ ജയേഷ്, കുര്യാക്കോസ്, തുളസീധരന്‍, ഗീത, കമലാസനന്‍, ചാന്ദ്‌നി, ആര്‍.എം.ഒ ഡോ. ശ്രീജിത്, എ.ആര്‍.എം.ഒ ഡോ. ഡാനിഷ് എന്നിവരെ ഉള്‍പ്പെടുത്തി ആശുപത്രിയില്‍ അടിയന്തര മെഡിക്കല്‍ ടീമിന് രൂപം നല്‍കി. ടെക്‌നിക്കല്‍ വിഭാഗത്തെയും ടീമില്‍ ഉള്‍പ്പെടുത്തി. ഓരോ വിഭാഗത്തെയും കൃത്യമായി തരംതിരിച്ച് ചുമതലകള്‍ നല്‍കി. പി.ആര്‍.ഒ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ പി.ആര്‍.ഒമാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. രോഗികളെ മൂന്നായി തരംതിരിച്ച് മൂന്ന് വാര്‍ഡുകളിലായി കിടത്തി. നഴ്‌സുമാര്‍ രോഗികളെ അതിസൂഷ്മമായി പരിചരിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. രോഗികളുടെ ലാബ് പരിശോധനകള്‍ ടെക്‌നീഷ്യന്മാര്‍ അതിവേഗം ചെയ്തുകൊടുത്തു. നിപാ വൈറസ് രോഗലക്ഷണം കാണിക്കുന്നവരുടെ സ്രവം താമസമില്ലാതെ മണിപ്പാലിലേക്കയച്ചു. പ്രത്യേക ഐസലേഷന്‍ വാര്‍ഡ് ക്രമീകരിച്ച് രോഗികളെ അങ്ങോട്ട് മാറ്റി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിക്കടി നടന്നുകൊണ്ടിരുന്നു. ശുചീകരണ തൊഴിലാളികള്‍ സുരക്ഷാ കവചം ധരിച്ച് വാര്‍ഡുകള്‍ അണുവിമുക്തമാക്കി. മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നിയന്ത്രിക്കുകയും വാര്‍ഡുകളില്‍ നിന്ന് ഗുരുതരമല്ലാത്ത രോഗികളെ താല്‍ക്കാലികമായി പറഞ്ഞു വിടുകയും ചെയ്തു.
ഓരോദിവസവും വൈകിട്ട് പ്രിസിപ്പലിന്റെ ഓഫിസില്‍ യോഗം ചേര്‍ന്ന് അതത് ദിവസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് രോഗം പകരാതെ നോക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തംകൂടിയുണ്ടായിരുന്നു ഇവര്‍ക്ക്. ഇക്കാര്യത്തിലും മെഡിക്കല്‍ സംഘത്തിന് പൂര്‍ണ വിജയം കൈവരിക്കാനായി. ഇത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിപാ വൈറസിനെതിരേ നേടിയ വിജയം ഇവര്‍ക്കോരോരുത്തര്‍ക്കും അഭിമാനത്തോടെ അവകാശപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."