മലയോരങ്ങളില്‍ വന്‍ നാശം
കാട്ടാക്കട: ഇന്നലെ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ മലയോര ഗ്രാമങ്ങളില്‍ വന്‍ നാശം. കാട്ടാക്കട താലൂക്കിലെ പഞ്ചായത്തുകളില്‍ 30 ഓളം വീടുകള്‍ തകര്‍ന്നു. വന്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത ബന്ധം നിലച്ചു.
വിളപ്പില്‍ശാല ജങ്ഷനില്‍ റോഡിലേക്ക് വന്മരം കടപുഴകി വീണു. നിരന്തരം വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലേക്കാണ് ഇന്നലെ വൈകിട്ട് നാലിന് സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ നിന്ന വലിയ മാവ് മൂടോടെ പിഴുതുവീണത്. മരം റോഡിലേക്ക് വീണപ്പോള്‍ ഭാഗ്യത്തിന് ഇതുവഴി വാഹനങ്ങള്‍ കടന്നു പോയില്ല. അതു കൊണ്ട് തലനാരിഴയ്ക്ക് അപകടം വഴിമാറി. വൈദ്യുത കമ്പികള്‍ തകര്‍ത്താണ് മരം നിലംപതിച്ചത്. സംഭവം നടന്നയുടന്‍ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചെങ്കിലും അവരെത്തിയില്ല. ഇരുഭാഗത്തേക്കുമുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും വിളപ്പില്‍ശാല പൊലിസും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മരം റോഡില്‍ നിന്ന് മുറിച്ചുനീക്കി.
വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂലത്തോപ്പില് സ്വകാര്യ വസ്തുവില്‍ നിന്ന മരങ്ങള്‍ ഒടിഞ്ഞു വീണ് അഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മൂലത്തോപ്പ് കൃഷ്ണാഞ്ജനത്തില് സെയില്‍ ടാക്സ് ഉദ്യോഗസ്ഥന് സുഭാഷ്, ശിവ കൃപയില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരന് തുഷാര്‍, സിന്സയില് സാജന് പി. എബ്രഹാം എന്നിവരുടെ വീടുകള്‍ മരം വീണ് തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് ഏഴോളം വീടുകള്‍ അപകട ഭീഷണിയിലാണ്. ഇവിടെ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ഗ്രാമീണ മേഖലയില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും മരച്ചില്ലകള്‍ ഒടിഞ്ഞു വീണ് വൈദ്യുത ലൈനുകള്‍ പൊട്ടിവീണിട്ടുണ്ട്. രാത്രി വൈകിയും ഇവിടങ്ങളില്‍ വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല. കുറ്റിച്ചില്‍ കാറ്റ് വന്‍ നാശം വിതച്ചു. ഇവിടെ 10 ഓളം വീടുകള്‍ക്ക് മേല്‍ മരം വീണു. നിലമ ശിവന്, പരുത്തിപ്പള്ളി പുളിമൂട് വീട്ടില്‍ സജി എന്നിവരുടെ വീടുകള്‍ പൂര്‍ണമായും നശിച്ചു. കാറ്റ് വീശിയടിക്കുന്നത് കണ്ട് വീട്ടുകാര്‍ മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൂവച്ചലില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. കാട്ടാക്കടയില്‍ നെയ്യാര്‍ഡാം റോഡില്‍ മരം കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. കള്ളിക്കാട്ട് 10 വീടുകള്‍ക്ക് നാശം നേരിട്ടു. മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളിലും 15 ഓളം വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകളുടെ പൂര്‍ണമായ വിവരം കിട്ടിയിട്ടില്ല.
കാട്ടാക്കട തഹസില്‍ദാര്‍ ഉള്‍പ്പടെ സ്ഥലത്തുണ്ട്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണതിനാല്‍ വൈദുത ബന്ധം നിലച്ചു. ഇതുവരെ കറണ്ട് പുനഃസ്ഥാപിച്ചില്ല. അമ്പൂരിയില്‍ വന്‍ നാശമുണ്ടായി. പന്ത, കരിമണ്‍ കുളം എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."