കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നു, കൂടെ തൊട്ടിലും; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
കോവളം: ഇന്നലെ വൈകിട്ടോടെ ശക്തമായി വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍കൂരയോടൊപ്പം പറന്നുപോയ പിഞ്ചു പൈതല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂര്‍ സ്റ്റേഡിയത്തിന് സമീപം ചരുവിളയില്‍ കുമാര്‍ ഷീബ ദമ്പതികളുടെ മകന്‍ രണ്ടുമാസം പ്രായമുള്ള വിനായക് ആണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ചോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര മൊത്തത്തില്‍ പറന്നുപൊങ്ങി. കൂട്ടത്തില്‍ മേല്‍കൂരയില്‍ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്ന പിഞ്ചുപൈതലും തൊട്ടിലോടെ കാറ്റില്‍ പറന്നുപോയി. ഭാഗ്യത്തിന് വീടോട് ചേര്‍ന്ന് നിന്ന തങ്ങില്‍ തട്ടി ഷീറ്റ് നിന്നതിനാല്‍ വലിയ അത്യാഹിതം ഒഴിവായി.
സംഭവ സമയം ഷീബയും മറ്റ് രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയുടെ കണ്‍മുന്നിലായിരുന്നു സംഭവം. കുഞ്ഞിനെ കിടത്തിയിരുന്ന തൊട്ടിലുമായി ശക്തമായ കാറ്റില്‍ വീടിന്റെ ഷീറ്റ് മേഞ്ഞ മേല്‍കൂരയടക്കം പറന്നു പൊങ്ങുന്നത് നേരില്‍ കണ്ട് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒന്നമ്പരന്ന ഷീബ പെട്ടെന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് ഏണി ഉപയോഗിച്ച് തെങ്ങില്‍ തട്ടിനിന്ന ഷീറ്റില്‍ തൂങ്ങിക്കിടന്ന തൊട്ടിലില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ച് കുട്ടിക്ക് പരുക്കോ മറ്റ് കുഴപ്പങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തി. വീട്ടിലെ ഫാന്‍, റ്റിയൂബ് ലെറ്റുകള്‍ ഉല്‍പ്പടെയാണ് മേല്‍കൂര കാറ്റില്‍ പറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."