യമനില്‍ നിന്നും അബഹയിലേക്ക് വിട്ട ബാലിസ്റ്റിക് മിസൈല്‍ സഊദി സേന തകര്‍ത്തു
ദമ്മാം: സംഘര്‍ഷം നിലനില്‍ക്കുന്ന യമനില്‍ നിന്നും സഊദിയുടെ അതിര്‍ത്തി ഗ്രാമത്തിലേക്ക് വിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സഊദി അതിര്‍ത്തി സേന വ്യക്തമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അതിര്‍ത്തി ഗ്രാമമായ അബഹയെ ലക്ഷ്യമാക്കി യമനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സഊദിയുടെ എയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഇത് ആകാശത്തുവച്ചു തന്നെ തകര്‍ക്കുകയായിരുന്നുവെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നാല്‍ യമനില്‍ നിന്നും എവിടെ നിന്നാണ് മിസൈല്‍ തൊടുത്തു വിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
കുവൈത്തില്‍ പുരോഗമിക്കുന്ന യമന്‍ സമാധാന ചര്‍ച്ചക്കിടെ നടക്കുന്ന നാലാമത്തെ മിസൈല്‍ ആക്രമണമാണിത്. ഇറാന് അനുകൂല ഹൂത്തി ശീഈകളും യമന്‍ ഔദ്യോഗിക ഗവണ്മെന്റും തമ്മില്‍ നടക്കുന്ന സംഘട്ടനത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കായി കുവൈത്താണ് കാര്‍മികത്വം വഹിക്കുന്നത്. എന്നാല്‍, യമന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനായി ഹൂത്തികള്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ട അയല്‍രാജ്യമായ സഊദിക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണം സമാധാന ചര്‍ച്ചയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് സമാധാന പ്രേമികള്‍.
ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പ്രകാരം യമനില്‍ ഇതുവരെയായി ഏകദേശം 6,400 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 2.8 മില്യന്‍ ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."